ഷൂട്ടിങ്ങിനിടെ അപകടം: നടന്മാരായ അർജുൻ അശോകൻ, സംഗീത് പ്രതാപ് എന്നിവരുടെ മൊഴിയെടുത്തു

കൊച്ചി: എം.ജി. റോഡിൽ അർധരാത്രി അനുമതിയില്ലാതെ നടത്തിയ ഷൂട്ടിങ്ങിനിടെ കാർ മറ്റൊരു കാറിലിടിച്ച് മറിഞ്ഞ സംഭവത്തിൽ പരിക്കേറ്റവരുടെയും വാഹനമോടിച്ചയാളുടെയും മൊഴിയെടുത്ത് പോലീസ്. അപകടത്തിൽ നടൻമാരുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു.…

കൊച്ചി: എം.ജി. റോഡിൽ അർധരാത്രി അനുമതിയില്ലാതെ നടത്തിയ ഷൂട്ടിങ്ങിനിടെ കാർ മറ്റൊരു കാറിലിടിച്ച് മറിഞ്ഞ സംഭവത്തിൽ പരിക്കേറ്റവരുടെയും വാഹനമോടിച്ചയാളുടെയും മൊഴിയെടുത്ത് പോലീസ്. അപകടത്തിൽ നടൻമാരുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ നടൻ സംഗീത് പ്രതാപ്, അർജുൻ അശോകൻ, ഭക്ഷണവിതരണ ശൃംഖലയുടെ ജീവനക്കാരൻ എന്നിവരുടെ മൊഴി ഞായറാഴ്ച രേഖപ്പെടുത്തി. വാഹനം ഓടിച്ചിരുന്ന സിനിമയുടെ അണിയറ പ്രവർത്തകന്റെ മൊഴിയും രേഖപ്പെടുത്തി.

സംഭവം മോട്ടോർ വാഹനവകുപ്പും അന്വേഷിക്കുന്നുണ്ട്. റിപ്പോർട്ട് നൽകാൻ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്‌മെന്റിനെ ചുമതലപ്പെടുത്തിയതായി ആർ.ടി.ഒ. അറിയിച്ചു. എം.വി.ഡി.സംഘം അപകടത്തിൽപ്പെട്ട വാഹനം പരിശോധിക്കും. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളും ശേഖരിക്കും. പോലീസിൽനിന്നും വിവരങ്ങൾ തേടും. റിപ്പോർട്ട് കിട്ടിയശേഷം നടപടിയെടുക്കുമെന്ന് ആർ.ടി.ഒ. വ്യക്തമാക്കി.

അതിനിടെ സിനിമാ ഷൂട്ടിങ്ങിന് അനുമതിതേടി സിനിമാ പ്രവർത്തകർ എറണാകുളം സെൻട്രൽ സ്റ്റേഷനിലും കമ്മിഷണർക്കും അപേക്ഷ നൽകിയിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാൽ അനുമതി നൽകിയിരുന്നില്ല. അനുമതി ലഭിക്കും മുൻപ് പൊതുനിരത്തിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ അപകടകരമായരീതിയിൽ വാഹനമോടിച്ച് ഷൂട്ടിങ് നടത്തിയതിനാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.

വാഹനം ഓടിച്ചത് ചിത്രത്തിന്റെ സ്റ്റണ്ട് ടീം അംഗമാണെന്നാണ് വിവരം. ഇയാൾ മദ്യപിച്ചിരുന്നില്ലെന്ന് രക്തപരിശോധനയിൽ തെളിഞ്ഞതായും പോലീസ് അറിയിച്ചു. അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ രേഖകളും പരിശോധിച്ചു. ശനിയാഴ്ച രാത്രി 1.45-ന് 'ബ്രോമാൻസ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. ചേസിങ് സീൻ ഷൂട്ട് ചെയ്യാനായി അമിതവേഗത്തിൽ ഓടിച്ച കാർ ചിത്രീകരണത്തിലുൾപ്പെട്ട മറ്റൊരു കാറിലും ഭക്ഷണ ഡെലിവറിക്ക് ഉപയോഗിക്കുന്ന ബൈക്കിലും ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ കഴുത്തിന് പരിക്കേറ്റ സംഗീത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story