കിഴിശ്ശേരിയിൽ ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകം; പ്രതി പിടിയിൽ

കൊണ്ടോട്ടി കിഴിശ്ശേരിയിൽ ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകം; പ്രതി പിടിയിൽ

March 20, 2025 0 By eveningkerala
കൊണ്ടോട്ടി: കൊണ്ടോട്ടി കിഴിശ്ശേരിയിൽ ​ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രതി അസം സ്വദേശി ഗുൽസാർ ഹുസൈനെ (35) പൊലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശി അഹദുൽ ഇസ്ലാം (32) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10.15ഓടെയായിരുന്നു സംഭവം. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

കിഴിശ്ശേരി-മഞ്ചേരി റൂട്ടിൽ ഇസ്സത്ത് സ്കൂളിന് സമീപത്തുവെച്ചാണ് അഹദുൽ ഇസ്‌ലാമിനെ ഗുൽസാർ ഹുസൈൻ ഓടിച്ച ഓട്ടോയിടിച്ചത്. ബന്ധുവിനോടൊത്ത് നടന്നുപോവുകയായിരുന്നു അഹദുൽ ഇസ്‌ലാം. ഇടിയേറ്റ് റോഡിൽ വീണ യുവാവിന്റെ ശരീരത്തിലൂടെ വീണ്ടും ഓട്ടോ കയറ്റി ഇറക്കിയതായി ദൃക്സാക്ഷികൾ പറയുന്നു. ശേഷം ഗുഡ്സ് ഓട്ടോ നിർത്താതെ പോവുകയായിരുന്നു. നാട്ടുകാർ ഉടൻ അഹദുൽ ഇസ്ലാമിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

നിർമാണത്തൊഴിലാളിയാണ് മരിച്ച അഹദുൽ ഇസ്ലാം. 15 വർഷമായി മേഖലയിൽ താമസിക്കുന്നയാളാണ് ഗുൽസാർ ഹുസൈൻ. പ്രതിയും അഹദുൽ ഇസ്ലാമും തമ്മിൽ ചീട്ടുകളിയുമായി ബന്ധപ്പെട്ട തർക്കങ്ങളുണ്ടായിരുന്നു. ഇന്നലെ ഇവർ തമ്മിൽ വീണ്ടും തർക്കമുണ്ടായി. തുടർന്നാണ് അഹദുൽ ഇസ്ലാമിനെ ഓട്ടോയിടിച്ച് കൊലപ്പെടുത്തിയത്.

സ്ഥലത്തുനിന്ന് കടന്ന ഗുൽസാർ ഹുസൈനെ അരീക്കോടിനടുത്ത് വാവൂരിൽ വെച്ചാണ് രാത്രി ഒരു മണിയോടെ പൊലീസ് പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും