
ലഹരിക്കെതിരെ ജാഗ്രതാ സമിതിയുമായി ‘ഫെഫ്ക’; സിനിമാ സെറ്റുകളിൽ ഏഴംഗ സമിതി രൂപീകരിക്കും
March 27, 2025കൊച്ചി: ലഹരിക്കെതിരെ ജാഗ്രതാ സമിതിയുമായി ഫെഫ്ക (FEFKA). സംവിധായകനും സാങ്കേതിക പ്രവർത്തകരും ഉൾപ്പെട്ട ഏഴ് പേരടങ്ങുന്ന സംഘം സിനിമാ സെറ്റുകളിൽ രൂപീകരിക്കും. ഇതോടെ പുറത്തു നിന്നുള്ള പരിശോധനയുടെ ആവശ്യം വരില്ലെന്ന് ഫെഫ്ക ചെയർമാൻ ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ലഹരി ഉപയോഗം ശ്രദ്ധയിൽ പെട്ടാൽ വിവരം എക്‌സൈസിന് കൈമാറാനാണ് തീരുമാനം. ഫെഫ്കയുടെ കൺവൻഷനിൽ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് ലഹരി വിരുദ്ധ സന്ദേശം നൽകി. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരായ ഫെഫ്കയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി മഹിപാൽ യാദവ് പറഞ്ഞു.
അതേസമയം, സംസ്ഥാന സർക്കാർ തലത്തിൽ ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിന് സർക്കാർ നേതൃത്വം നൽകും. നിലവിലുള്ള എല്ലാ ക്യാമ്പയിനുകളും സംയോജിപ്പിച്ച് ഏപ്രിൽ മുതൽ അതിവിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മയക്കുമരുന്നിനെതിരായ ക്യാമ്പയിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ മാസം 30ന് വിദഗ്ധരുടെയും വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെയും സിനിമാ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകര്‍തൃ സംഘടനകളുടെയും യോഗം ചേര്‍ന്ന് കര്‍മ്മപദ്ധതി തയ്യാറാക്കും.