ഉമ്മയും 5 മക്കളും സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു; 2 കുട്ടികൾക്ക് ദാരുണാന്ത്യം

കാഞ്ഞങ്ങാട് ∙ ദേശീയപാതയിൽ ഐങ്ങോത്ത് ഉമ്മയും 5 മക്കളും സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് 2 കുട്ടികൾ മരിച്ചു; മാതാവിനും 3 മക്കൾക്കും പരുക്കേറ്റു. നീലേശ്വരം കണിച്ചിറ കല്ലായി ഹൗസിലെ ലത്തീഫിന്റെയും ഫാത്തിമത്ത് സുഹറാബിയുടെയും മക്കളായ സൈനുൽ റുമാൻ ലത്തീഫ് (9), ലഹക്ക് സൈനബ (12) എന്നിവരാണു മരിച്ചത്.

ഫാത്തിമത്ത് സുഹറാബി (40), മക്കളായ ഫായിസ് അബൂബക്കർ (20), ഷെറിൻ ലത്തീഫ് (14), മിസബ് ലത്തീഫ് (3) എന്നിവരെ പരുക്കുകളോടെ കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിസബിനു നിസ്സാര പരുക്കേയുള്ളൂ. ബസ് യാത്രക്കാരായ സൂര്യ, അനിൽ ഹരിദാസ് എന്നിവർക്കും പരുക്കുണ്ട്. ഇന്നലെ ഉച്ചയ്ക്കു 12ന് ആണ് നാടിനെ നടുക്കിയ അപകടം. കണ്ണൂരിൽനിന്നു കാഞ്ഞങ്ങാട്ടേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

Related Articles
Next Story