ഒറ്റയ്ക്ക് താമസിച്ചിരുന്ന 69കാരി മരിച്ചനിലയിൽ; കമ്മൽ നഷ്ടപ്പെട്ടു, ദേഹത്ത് പാടുകൾ
കൊയ്ത്തൂർകോണം സ്വദേശി തങ്കമണിയുടെ (65) മൃതദേഹം വീടിനു സമീപം പുരയിടത്തിലാണ് ചൊവ്വാഴ്ച പുലർച്ചെ കണ്ടെത്തിയത്
തിരുവനന്തപുരം: പോത്തൻകോട് ഒറ്റക്ക് താമസിക്കുന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. കൊയ്ത്തൂർകോണം സ്വദേശി തങ്കമണിയുടെ (65) മൃതദേഹം വീടിനു സമീപം പുരയിടത്തിലാണ് ചൊവ്വാഴ്ച പുലർച്ചെ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് ഉൾപ്പെടെ മുറിപ്പാടുണ്ട്. ധരിച്ച വസ്ത്രം കീറിയതായും കണ്ടെത്തിയിട്ടുണ്ട്. കൊലപാതക സാധ്യത മുൻനിർത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.
തങ്കമണി വീട്ടിൽ ഒറ്റക്കാണെങ്കിലും സമീപത്തുതന്നെ സഹോദരങ്ങളും താമസിക്കുന്നുണ്ട്. ഇതിൽ ഒരു സഹോദരന്റെ വീടിനു പിന്നിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസവും രാവിലെ പൂജക്കായി പൂവ് പറിക്കാൻ പോകുന്ന ശീലം തങ്കമണിക്ക് ഉണ്ടായിരുന്നു. ഇതിനിടെ അത്യാഹിതം സംഭവിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മുഖത്ത് നഖം കൊണ്ട് പരിക്കേറ്റതായാണ് സംശയിക്കുന്നത്. ധരിച്ച ബ്ലൗസ് കീറിയിട്ടുണ്ട്. പൂക്കളും ചെരിപ്പും സമീപത്ത് ചിതറിയ നിലയിലാണ്. കാതിലെ കമ്മൽ കാണാനില്ലെന്നും വിവരമുണ്ട്.