എസി കോച്ചിലെ കമ്പിളി പുതപ്പ് കഴുകുന്നത് മാസത്തിലൊരിക്കൽ! റെയിൽവേ മന്ത്രിയുടെ തുറന്നുപറച്ചിൽ

ട്രെയിനിലെ ശുചിത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ അഭിമുഖീകരിക്കവേയാണ് മന്ത്രി സത്യം തുറന്നുപറഞ്ഞത്

ഡൽഹി: ട്രെയിനിലെ ലോക്കൽ കമ്പാർട്ട്മെൻ്റുകളിലെ വൃത്തിയില്ലായ്മയെപ്പറ്റി പലപ്പോഴും വലിയ ചർച്ചകൾ നടക്കാറുണ്ട്. എന്നാൽ എസി കംപാർട്ട്മെൻ്റുകളെപ്പറ്റി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് റെയിൽവേ മന്ത്രി. എസി കോച്ചുകളിൽ യാത്രക്കാർക്ക് നൽകുന്ന പുതപ്പ് കഴുകാറില്ലെന്നാണ് മന്ത്രിയുടെ തുറന്നു പറച്ചിൽ. യാത്രക്കാർക്ക് നൽകുന്ന കമ്പിളി പുതപ്പുകളൊക്കെ കഴുകാറുണ്ടോ എന്ന ചോദ്യത്തിന് മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ നൽകിയ മറുപടിയാണ് ഞെട്ടിച്ചിരിക്കുന്നത്. ‘മാസത്തിൽ ഒരിക്കൽ’ എന്നാണ് മന്ത്രിയുടെ ഉത്തരം.ട്രെയിനിലെ ശുചിത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ അഭിമുഖീകരിക്കവേയാണ് മന്ത്രി സത്യം തുറന്നുപറഞ്ഞത്.

കോണ്‍ഗ്രസ് എംപി കുല്‍ദീപ് ഇന്‍ഡോറയായിരുന്നു ചോദ്യകർത്താവ്.ഒരു പുതപ്പു കൂടി അധികം ബെഡ്റോള്‍ കിറ്റില്‍ നല്‍കുന്നുണ്ടെന്നും മന്ത്രി കോൺഗ്രസ് നേതാവിൻ്റെ ചോദ്യത്തിന് മറുപടി നൽകി. ഇന്ത്യയില്‍ ട്രെയിനില്‍ ഉപയോഗിക്കുന്ന പുതപ്പുകള്‍ ഭാരം കുറഞ്ഞതും കഴുകാന്‍ എളുപ്പമുള്ളതുമാണ്. പുതിയ ലിനൻ സെറ്റുകൾ, വൃത്തി ഉറപ്പാക്കാൻ യന്ത്രവത്കൃത അലക്കുശാലകൾ, കഴുകുന്നതിനുള്ള നിർദ്ദിഷ്ട രാസവസ്തുക്കൾ എന്നിവ ഉള്‍പ്പെടെ റെയില്‍വെ ഉപയോഗിക്കുന്നുണ്ട്.

കഴുകിയ തുണികളുടെ ഗുണനിലവാരവും പരിശോധിക്കുന്നുണ്ട്. അതിനായി വൈറ്റോ മീറ്ററുകള്‍ ഉപയോഗിക്കുന്നു. സോണൽ ആസ്ഥാനത്തും ഡിവിഷണൽ തലങ്ങളിലുമുള്ള വാർ റൂമുകൾ ട്രെയിനിലെ ശുചിത്വവുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിച്ച് പരിഹാരം കാണാനുള്ള മാര്‍ഗമാണെന്നും അശ്വിനി വൈഷ്ണവ് അവകാശപ്പെട്ടു. സ്റ്റേഷനുകളിലും ട്രെയിനുകളിലും പുതപ്പുകൾ സൂക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനും കയറ്റുന്നതിനും ഇറക്കുന്നതിനും മികച്ച സംവിധാനം തന്നെയാണ് ഉപയോഗിക്കുന്നതെന്നും മന്തി അറിയിച്ചു. യാത്രക്കാരുടെ ആവശ്യങ്ങളും സുരക്ഷയും ഉറപ്പാക്കാൻ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അശ്വനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു.

വിവരാവകാശ നിയമപ്രകാരം ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയ അപേക്ഷയിൽ കഴിഞ്ഞ ഒക്ടോബറിൽ സമാനമായ കാര്യം റെയിൽവേ വെളിപ്പെടുത്തിയിരുന്നു. യാത്രക്കാര്‍ക്ക് നല്‍കിവരുന്ന ലിനന്‍ (വെള്ളപുതപ്പുകള്‍) പുതപ്പുകള്‍ ഓരോ ഉപയോഗത്തിന് ശേഷവും കഴുകുമെന്നും എന്നാല്‍ കമ്പിളി പുതപ്പുകള്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമെ കഴുകാറുള്ളുവെന്നുമായിരുന്നു റെയില്‍വേ മന്ത്രാലയം നല്‍കിയ മറുപടി.

Related Articles
Next Story