കലോത്സവ റിപ്പോർട്ടിങ്ങിൽ ദ്വയാര്‍ഥ പ്രയോഗം; റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ കേസെടുത്ത് ബാലാവകാശ കമീഷൻ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ ഡോ.അരുൺകുമാർ സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമീഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ സ്വമേധയാ കേസെടുത്തു. കലോത്സവത്തിൽ പങ്കെടുത്ത് ഒപ്പന അവതരിപ്പിച്ചതിൽ മണവാട്ടിയായി വേഷമിട്ട കുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷാബാസ് നടത്തുന്ന സംഭാഷണത്തിലാണ് ദ്വയാർഥ പ്രയോഗമെന്ന് കമീഷൻ പറയുന്നു.
മണവാട്ടിയായി മത്സരിച്ച വിദ്യാര്‍ഥിനിയോട് റിപ്പോർട്ടര്‍ പ്രണയത്തോടെ സംസാരിക്കുന്നതും നോക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തുടര്‍ന്ന് അവതാരകന്‍ അരുണ്‍ കുമാര്‍ ഉള്‍പ്പെടെ, വീഡിയോയില്‍ അഭിനയിച്ച റിപ്പോര്‍ട്ടറോടും മറ്റു സഹപ്രവര്‍ത്തകരോടും വിദ്യാർഥിനിയെ കുറിച്ച് ചോദിക്കുകയും പരസ്പരം കളിയാക്കുകയും ചെയ്യുന്ന ചര്‍ച്ചകളും റിപ്പോര്‍ട്ടര്‍ ടി.വി സംപ്രേക്ഷണം ചെയ്തിരുന്നു.
ഇതു സംബന്ധിച്ച് ചാനൽ മേധാവിയിൽനിന്നും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയിൽ നിന്നും കമീഷൻ അടിയന്തര റിപ്പോർട്ടു തേടി. സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ രൂക്ഷ വിമര്‍ശനവും ഉയരുന്നുണ്ട്. വിഡിയോ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ബാലാവകാശ കമീഷൻ കേസെടുത്തത്.