റിസോർട്ടിലെ തൂങ്ങി മരണം: ഫർണിച്ചർ കടയിൽ വച്ചുള്ള പരിചയം; ഇരുവരും ഇടയ്ക്കിടെ റിസോർട്ടിൽ എത്തിയിരുന്നുവെന്ന് പോലീസ്

ചൊവ്വാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് റിസോർട്ട് ജീവനക്കാർ ഇരുവരേയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്

വൈത്തിരി: റിസോർട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. ഇരുവരും ഇടയ്ക്കിടെ റിസോർട്ടിൽ എത്തിയിരുന്നുവെന്നു പൊലീസ് പറഞ്ഞു. റിസോർട്ടിനു പുറകിലെ അത്തിമരത്തിലാണു തൂങ്ങിയത്. ഇതിനായി പുതിയ കയർ വാങ്ങി കരുതിയിരുന്നു. ചൊവ്വാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് റിസോർട്ട് ജീവനക്കാർ ഇരുവരേയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്. റിസോർട്ടിന്റെ പുറകുവശമായതിനാൽ ഇവിടേക്കു ശ്രദ്ധ എത്തിയിരുന്നില്ല. റിസോർട്ട് ജീവനക്കാർ അറിയിച്ചതനുസരിച്ചാണ് പൊലീസ് എത്തിയത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കോഴിക്കോട് കൊയിലാണ്ടി നടേരി തെക്കേ കോട്ടുകുഴി (ഓർക്കിഡ്) പ്രമോദ് (53), ഉള്ളിയേരി നാറാത്ത് ചാലിൽ മീത്തൽ ബിൻസി (34) എന്നിവരാണ് മരിച്ചത്. പ്രമോദ് ഉള്ള്യേരി നാറാത്ത് ഫർണിച്ചർ കട നടത്തുകയായിരുന്നു. ഇവിടെ വച്ചാണ് പ്രമോദും ബിൻസിയും പരിചയപ്പെട്ടതെന്നാണു വിവരം. പ്രമോദിന്റെ ഭാര്യ ഷൈജ. രണ്ടു മക്കളുണ്ട്. രൂപേഷ് ആണ് ബിൻസിയുടെ ഭർത്താവ്. ഇവർക്കും രണ്ടു മക്കളുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയായാൽ ഇന്നു തന്നെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.

Related Articles
Next Story