മലപ്പുറത്ത് യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു -അകെ പൊല്ലാപ്പ്
കഴിഞ്ഞ ദിവസം മലപ്പുറം തിരൂരിൽ ഒരു കുരങ്ങൻ യുവാവിന്റെ മൊബൈൽ ഫോൺ അടിച്ചുമാറ്റുകയും തുടർന്നുണ്ടായ രസകരമായ സംഭവങ്ങളുമാണ് ചർച്ചയാവുന്നത്
ഭക്ഷണ സാധനങ്ങളും പഴ്‌സുമൊക്കെ അടിച്ചുമാറ്റുന്ന കുരങ്ങൻമാർ ഒക്കെ പണ്ട്. ഇപ്പോൾ അവർക്ക് വേണ്ടത് മൊബൈൽ ഫോണും മറ്റുമാണ്. കഴിഞ്ഞ ദിവസം മലപ്പുറം തിരൂരിൽ ഒരു കുരങ്ങൻ യുവാവിന്റെ മൊബൈൽ ഫോൺ അടിച്ചുമാറ്റുകയും തുടർന്നുണ്ടായ രസകരമായ സംഭവങ്ങളുമാണ് ചർച്ചയാവുന്നത്.
തിരൂർ സംഗമം റസിഡൻസിയിൽ മുകൾ നിലയിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്ക് വന്നയാളുടെ മൊബൈൽ ആണ് കുരുങ്ങൻ നിമിഷം നേരം കൊണ്ട് കൈക്കലാക്കിയത്. ഷീറ്റിന് മുകളിൽ ഫോൺ വെച്ച് ജോലി ചെയ്യുകയായിരുന്നു യുവാവ്. തെങ്ങിലേക്ക് കയറിയ കുരങ്ങന്റെ കൈയിൽ നിന്ന് ഫോൺ തിരിച്ചുപിടിക്കാൻ നാട്ടുകാരും കൂടെക്കൂടി.
ഇതോടെ രംഗം സംഭവബഹുലമായി. ആളുകളുടെ ബഹളവും കല്ലേറും മൂലം പൊറുതിമുട്ടിയ കുരങ്ങൻ ഫോണുമായി കവുങ്ങിലേക്ക് കയറി. ഇതിനിടയ്‌ക്ക് ഫോണിലേക്ക് ഒരു കോൾ വന്നു. ഈ സമയം ഫോൺ താഴെയിടുമെന്ന് നാട്ടുകാർ കരുതിയെങ്കിലും പാളിപ്പോയി. കുരങ്ങൻ കോൾ അറ്റൻഡ് ചെയ്‌ത് ഫോൺ ചെവിയിൽ വെക്കുകയായിരുന്നു. ഇത് കണ്ട് ആളുകൾക്ക് അൽഭുതമായി.
മണിക്കൂറുകൾക്ക് ശേഷം മറ്റൊരു കവുങ്ങിലേക്ക് ചാടുന്നതിനിടയിൽ കുരങ്ങന്റെ കൈയിൽ നിന്നും ഫോൺ താഴെ വീണു. ഇതോടെ യുവാവിന്റെ ഫോൺ തിരിച്ചുകിട്ടുകയും ചെയ്‌തു.