മകളുടെ പിറന്നാളാണ്', പൊതിച്ചോറിൽ കത്തും പണവും, ആളെത്തേടി സോഷ്യൽ മീഡിയ
ഡിവൈഎഫ്ഐ കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദിവസവും ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇത്തവണ വിതരണം ചെയ്ത ഉച്ച ഭക്ഷണത്തിനൊപ്പം കണ്ണും മനസ്സും നിറയിക്കുന്ന ഒരു കുറിപ്പും…
ഡിവൈഎഫ്ഐ കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദിവസവും ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇത്തവണ വിതരണം ചെയ്ത ഉച്ച ഭക്ഷണത്തിനൊപ്പം കണ്ണും മനസ്സും നിറയിക്കുന്ന ഒരു കുറിപ്പും കുറച്ച് പണവുമുണ്ടായിരുന്നു.ആ സ്നേഹപ്പൊതി ലഭിച്ച യുവാവ് ഇത് തുറന്ന് കത്തുമായി ഡിവൈഎഫ്ഐ പ്രവത്തകർക്ക് കാണിച്ചുകൊടുത്തപ്പോഴാണ് എല്ലാവരും ഇതറിയുന്നത്. പേരോ, ഫോൺ നമ്പറോ ഒന്നും തന്നെ ഈ കത്തിലില്ല, എന്നാൽ മനസ്സ് നിറയുന്ന വാക്കുകളും കുറച്ച് പണവുമുണ്ട്. മകളുടെ പിറന്നാൾ ദിവസമാണ് ഇന്ന് എന്നും നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണമെന്നുമാണ് ആ കുറിപ്പിലുള്ളത്. ഒപ്പം നൽകിയ പണം കൊണ്ട് ഒരു നേരത്തേ മരുന്ന് വാങ്ങാൻ കഴിയുമെങ്കിൽ നന്നായിരുന്നുവെന്നും കത്തിൽ കുറിച്ചിരിക്കുന്നു.
കത്ത് ഇങ്ങനെ: "അറിയപ്പെടാത്ത സഹോദര, സഹോദരി ഒരു നേരത്തെ ഭക്ഷണം തരാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെയോ ബന്ധുവിന്റെയോ അസുഖം പെട്ടന്ന് ഭേദമാവാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കും. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തണേ. ഈ തുക കൊണ്ട് നിങ്ങള്‍ക്ക് ഒരു നേരത്തെ മരുന്ന് വാങ്ങാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നു. ഇന്നെന്റെ മകളുടെ പിറന്നാള്‍ ആണ്."
ആളെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലു ഇതുവരെയും കണ്ടെത്താനായിട്ടില്ല. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഈ കത്ത് പ്രചരിക്കുന്നുണ്ട്.