ഫെയ്‌സ്ബുക് റിക്വസ്റ്റ് നിരസിച്ചത്തിന് യുവതിയുടെ കുളിമുറി ദൃശ്യം പകർത്തി; 2 പേർ അറസ്റ്റിൽ

പത്തനംതിട്ട ∙ ഫെയ്‌സ്ബുക്കിലെ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന്റെ പേരില്‍ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈൽ ഫോണില്‍ പകര്‍ത്തിയ കേസില്‍ രണ്ടു യുവാക്കള്‍ പിടിയില്‍. കോയിപ്രം പുറമറ്റം പടുതോട്…

By :  Editor
Update: 2022-06-29 08:26 GMT

പത്തനംതിട്ട ∙ ഫെയ്‌സ്ബുക്കിലെ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന്റെ പേരില്‍ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈൽ ഫോണില്‍ പകര്‍ത്തിയ കേസില്‍ രണ്ടു യുവാക്കള്‍ പിടിയില്‍. കോയിപ്രം പുറമറ്റം പടുതോട് താഴത്തെപ്പടവില്‍ ശരത് എസ്. പിള്ള (19), പടുതോട് പാനാലിക്കുഴിയില്‍ വിശാഖ് എന്ന സേതു നായര്‍ (23) എന്നിവരാണ് പിടിയിലായത്.

ഫെ‌യ്‌സ്ബുക്കില്‍ സുഹൃത്താവാന്‍ അയച്ച അപേക്ഷ നിരസിച്ചതിന്റെ പേരില്‍ യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശരത്തിനോട് സേതുനായര്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ 26 ന് രാത്രി എട്ടുമണിയോടെ യുവതിയും മകളും മാത്രം താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറിയ ശരത് കുളിമുറിയുടെ വെന്റിലേഷനിലൂടെ നഗ്‌നദൃശ്യങ്ങള്‍ സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് വീട്ടിലെത്തി സേതുവിന് അയച്ചുകൊടുത്തു.

മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് യുവതി കണ്ടുവെന്ന് മനസ്സിലാക്കിയിട്ടും ശരത് വീട്ടിലെത്തി സുഹൃത്തിന് അയച്ചുകൊടുക്കുകയായിരുന്നു. പിറ്റേന്ന്, യുവതി സ്‌റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നുതന്നെ ഇരുവരെയും പൊലീസ് പടുതോട് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകളും അന്വേഷണസംഘം പിടിച്ചെടുത്തു. ഒന്നാം പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് സേതു നായരെ പിടികൂടിയത്. ഇയാള്‍ പറഞ്ഞിട്ടാണ് ഇപ്രകാരം ചെയ്തതെന്ന് ശരത് എസ് പിള്ള പൊലീസിന് മൊഴിനല്‍കി.

Full View

പൊലീസ് സേതു നായരെ അറസ്റ്റ് ചെയ്ത ശേഷം വിശദമായി ചോദ്യം ചെയ്തപ്പോഴാണ്, ഫെ‌യ്‌സ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത് നിരസിച്ചതിലുള്ള വിരോധം കാരണം ശരത്തിനെക്കൊണ്ട് ഇപ്രകാരം ചെയ്യിക്കുകയായിരുന്നതായി വെളിപ്പെടുത്തിയത്. സംഭവം പൊലീസ് അന്വേഷിക്കുന്നതായി മനസ്സിലായപ്പോള്‍ ഇയാള്‍ ശരത്തിനെ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

ജില്ലാ പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശപ്രകാരം, പ്രതികളുടെ ഫോണുകള്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി തിരുവനന്തപുരം ഫൊറന്‍സിക് ലാബിൽ പരിശോധനയ്ക്കയച്ചു. പൊലീസ് ഇന്‍സ്‌പെക്ടര്‍ സജീഷ്, എസ്ഐ അനൂപ്, എഎസ്ഐ വിനോദ്, എസ്‌സിപി ഗിരീഷ് ബാബു, ജോബിന്‍ ജോണ്‍, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ ഷെബി എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

Tags:    

Similar News