അഞ്ചിടത്തുകൂടി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
തൊടുപുഴ: ജില്ലയിൽ രണ്ടു നഗരസഭയും രണ്ട് പഞ്ചായത്തും ഉൾപ്പെടെ നാല് തദ്ദേശസ്ഥാപന പരിധിയിലെ അഞ്ചിടത്തുകൂടി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ നഗരസഭ 17ാം വാർഡ്, കട്ടപ്പന നഗരസഭ…
തൊടുപുഴ: ജില്ലയിൽ രണ്ടു നഗരസഭയും രണ്ട് പഞ്ചായത്തും ഉൾപ്പെടെ നാല് തദ്ദേശസ്ഥാപന പരിധിയിലെ അഞ്ചിടത്തുകൂടി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ നഗരസഭ 17ാം വാർഡ്, കട്ടപ്പന നഗരസഭ 12ാം വാർഡ്, ഉപ്പുതറ പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകൾ, വാത്തിക്കുടി പഞ്ചായത്ത് ഒന്നാം വാർഡ് എന്നിവിടങ്ങളിലെ പന്നിഫാമുകളിലാണ് രോഗം സ്ഥിരീകരിച്ചത്.
ഫാമുകളിൽ പന്നികൾ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയിൽപെട്ടതോടെ രക്തസാമ്പിൾ ശേഖരിച്ചിരുന്നു. ലാബിൽ നടത്തിയ പരിശോധനയിലാണ് അഞ്ച് ഫാമുകളിൽ രോഗം സ്ഥിരീകരിച്ചത്. ഈ ഫാമുകളിലെ മുന്നൂറോളം പന്നികളെ ദയാവധത്തിന് വിധേയമാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
അഞ്ചിടത്തുകൂടി ആഫ്രിക്കൻ പന്നിപ്പനി വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കർശന മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് കലക്ടർ നിർദേശം നൽകി. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽനിന്ന് പന്നിമാംസ വിതരണവും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളിൽനിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും താൽക്കാലികമായി നിരോധിച്ചു.
ഇതര സംസ്ഥാനങ്ങളിൽനിന്ന് പന്നികളെ കടത്തുന്നത് തടയാൻ ചെക്പോസ്റ്റുകളിലും മറ്റ് പ്രവേശന മാർഗങ്ങളിലും പരിശോധന കർശനമാക്കി.നവംബർ ഒമ്പതിന് കരിമണ്ണൂർ പഞ്ചായത്തിൽ ചാലാശ്ശേരിയിലെ ഫാമിലാണ് ജില്ലയിൽ ആദ്യമായി പന്നിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന് ഒരു കിലോമീറ്റർ ചുറ്റളവിലായി കരിമണ്ണൂർ, ആലക്കോട്, ഇടവെട്ടി പഞ്ചായത്തുകളിൽ എട്ട് ഫാമുകളിലെ 262 പന്നികളെ കൊന്നൊടുക്കിയിരുന്നു.
പിന്നീട് കരിമണ്ണൂർ, കഞ്ഞിക്കുഴി, വണ്ണപ്പുറം, വണ്ടൻമേട്, പെരുവന്താനം, വാഴത്തോപ്പ് പഞ്ചായത്തുകളിലെ ഫാമുകളിലും രോഗം സ്ഥിരീകരിക്കുകയും ഫാമുകളിലെ നൂറിലധികം പന്നികളെ കൊല്ലുകയും ചെയ്തു. രോഗം സ്ഥിരീകരിച്ച തദ്ദേശസ്ഥാപന പരിധിയിൽ ദ്രുത പ്രതികരണ സംഘം രൂപവത്കരിച്ചിട്ടുണ്ട്. പന്നിപ്പനി കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുന്നതിനാല്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. പന്നികള്‍ ചാകുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും നിർദേശമുണ്ട്.