ഗർഭിണിയായ വിദ്യാർഥിനി പീഡനത്തിനിരയായി അവശ നിലയിൽ; മലപ്പുറം സ്വദേശിക്കായി തിരച്ചിൽ
മൂവാറ്റുപുഴ: ഗർഭിണിയായ വിദ്യാർഥിനിയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചേർത്തല സ്വദേശിനിയായ വിദ്യാർഥിനിയെ മാതാപിതാക്കളാണ് മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രിയിൽ എത്തിച്ചത്. പീഡനത്തിനിരയായതിനെ തുടർന്ന്…
;മൂവാറ്റുപുഴ: ഗർഭിണിയായ വിദ്യാർഥിനിയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചേർത്തല സ്വദേശിനിയായ വിദ്യാർഥിനിയെ മാതാപിതാക്കളാണ് മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രിയിൽ എത്തിച്ചത്. പീഡനത്തിനിരയായതിനെ തുടർന്ന് അവശനിലയിലായ യുവതി 8 മാസം ഗർഭിണിയാണ്. ഗർഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ടാണു വിദ്യാർഥിനിയെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്.
8 മാസം ഗർഭിണിയായ അവശനിലയിലുള്ള വിദ്യാർഥിനിയെ ഗർഭഛിദ്രത്തിനു വിധേയയാക്കാൻ കഴിയില്ലെന്നും വിവരം പൊലീസിൽ അറിയിക്കണമെന്നും വിദ്യാർഥിനിയെ പരിശോധിച്ച ഡോക്ടർ ശിവദാസ് ആവശ്യപ്പെട്ടെങ്കിലും മാതാപിതാക്കൾ വിസമ്മതിച്ചു. തുടർന്ന് ഡോക്ടർ തന്നെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
മൂവാറ്റുപുഴ പൊലീസ് ആശുപത്രിയിൽ എത്തി വിദ്യാർഥിനിയിൽ നിന്നു മൊഴിയെടുത്തു. മലപ്പുറം സ്വദേശിയായ യുവാവാണ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതെന്നാണു വിദ്യാർഥിനി പൊലീസിനോടു പറഞ്ഞിരിക്കുന്നത്. ഗർഭിണിയായിരിക്കെ ഇയാൾ വിദ്യാർഥിനിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം അവശനിലയിൽ കണ്ട വീട്ടുകാർ അന്വേഷിച്ചപ്പോഴാണു 8 മാസം ഗർഭിണിയാണെന്നു വിദ്യാർഥിനി തുറന്നു പറഞ്ഞത്. തുടർന്നാണ് രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്. വിദ്യാർഥിനിയെ പീഡിപ്പിച്ചയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴ പൊലീസ് വിവരങ്ങൾ ചേർത്തല പൊലീസിനും കൈമാറിയിട്ടുണ്ട്. മലപ്പുറം സ്വദേശിക്കായി അന്വേഷണം ഊർജിതമാക്കി.