ഒമാൻ-യു.എ.ഇ റെയിൽവേ പദ്ധതി പുരോഗതി വിലയിരുത്തി
മസ്കത്ത്: ഒമാൻ-യു.എ.ഇ റെയിൽവേ പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം കഴിഞ്ഞ ദിവസം മസ്കത്തിൽ ചേർന്നു. യു.എ.ഇയിലെ ഊർജ, അടിസ്ഥാന സൗകര്യ…
മസ്കത്ത്: ഒമാൻ-യു.എ.ഇ റെയിൽവേ പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം കഴിഞ്ഞ ദിവസം മസ്കത്തിൽ ചേർന്നു. യു.എ.ഇയിലെ ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രിയും ഒമാൻ, ഇത്തിഹാദ് റെയിൽ കമ്പനി ഡയറക്ടർ ബോർഡ് ചെയർമാനുമായ സുഹൈൽ ബിൻ മുഹമ്മദ് ഫറജ് ഫാരിസ് അൽ മസ്റൂയി, ഒമാൻ ഗതാഗത, വാർത്ത വിനിമയ, വിവരസാങ്കേതിക മന്ത്രിയും ഒമാൻ, ഇത്തിഹാദ് റെയിൽ കമ്പനി ഡയറക്ടർ ബോർഡ് വൈസ് ചെയർമാനുമായ എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മവാലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
പദ്ധതിയുടെ നിലവിലുള്ള സ്ഥിതിഗതികളെയും മറ്റും യോഗം ചർച്ച ചെയ്തു. ഒമാൻ-യു.എ.ഇ റെയിൽവേ പദ്ധതിക്ക് പൂർണ പിന്തുണ നൽകുന്ന ഇരുരാജ്യങ്ങളുടെയും നേതൃത്വത്തെ ഡയറക്ടർ ബോർഡ് യോഗം അഭിനന്ദിക്കുകയും ചെയ്തു. പദ്ധതിയുടെ ടെൻഡറിൽ പങ്കെടുക്കുന്നതിനുള്ള പ്രാഥമിക യോഗ്യതക്കായി പ്രാദേശിക കമ്പനികളെ ഒമാൻ ക്ഷണിച്ചിട്ടുണ്ട്. യു.എ.ഇ-ഒമാൻ റെയിൽവേക്കായി ഈ വർഷാവസാനമോ അടുത്ത വർഷം ആദ്യമോ ഇ.പി.സി കരാർ (എൻജിനീയറിങ്, നിർവഹണം, നിർമാണം) നൽകുമെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മാവാലി നേരത്തെ പറഞ്ഞിരുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട് വടക്കൻ ബാത്തിനയിലും ബുറൈമിയിലെയും 521 കേസുകൾക്ക് സർക്കാർ അംഗീകരിച്ച സംവിധാനങ്ങൾ അനുസരിച്ച് ആറ് മാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകുമെന്ന് ഭവന, നഗര വികസന മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.റെയിൽ പദ്ധതിയുടെ നടത്തിപ്പിന് ഫെബ്രുവരിയിൽ സുപ്രധാന ചുവടുവെപ്പ് അധികൃതർ നടത്തിയിരുന്നു.
303 കിലോമീറ്റർ പാതയുടെ വികസനത്തിനായി മേല്നോട്ടം വഹിക്കുന്ന ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി അബൂദബിയിലെ മുബദാല ഇൻവെസ്റ്റ്മെന്റ് കമ്പനിയുമായാണ് കരാർ ഒപ്പിട്ടത്. മൂന്നു ശതകോടി ഡോളറിന്റെ നിക്ഷേപ കരാറിലാണ് എത്തിയിരിക്കുന്നത്. ഇതോടെ നിർമാണം അതിവേഗം ആരംഭിക്കുമെന്ന പ്രതീക്ഷക്ക് ശക്തിയേറി. കഴിഞ്ഞ സെപ്റ്റംബറിൽ യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും തമ്മിൽ റെയിൽവേ ശൃംഖല സ്ഥാപിക്കാൻ ധാരണയിലെത്തിയിത്.