നിലമ്പൂരിൽ തേനെടുക്കാൻ കാട്ടിലേക്ക് പോയ യുവാവിനെ കരടി ആക്രമിച്ചു
മലപ്പുറം: നിലമ്പൂരിൽ തേനെടുക്കുന്നതിനിടെ ആദിവാസി യുവാവിന് നേരെ കരടിയുടെ ആക്രമണം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്ത എന്ന 40 വയസുകാരന്റെ കാലിനാണ് കരടിയുടെ…
;മലപ്പുറം: നിലമ്പൂരിൽ തേനെടുക്കുന്നതിനിടെ ആദിവാസി യുവാവിന് നേരെ കരടിയുടെ ആക്രമണം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്ത എന്ന 40 വയസുകാരന്റെ കാലിനാണ് കരടിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
പരുക്കുകളോടെയാണ് യുവാവ് കരടിയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത്. തേനെടുക്കാനായി ഇയാൾ കാട്ടിലേക്ക് പോകുമ്പോൾ തന്നെ കരടി ഇദ്ദേഹത്തിന്റെ പിന്നാലെ കൂടി. സാഹസികമായി വള്ളിയിൽ പിടിച്ചുതൂങ്ങി മരത്തിൽ കയറിയാണ് വെളുത്ത രക്ഷപ്പെട്ടത്. എന്നാൽ മരത്തിൽ കയറുന്നതിനിടെ കരടി ഇയാളുടെ പിന്നാലെയെത്തി വലതുകാലിന്റെ തുടയിൽ ആക്രമിക്കുകയായിരുന്നു.
കരടി അകന്നുകഴിഞ്ഞെന്ന് ഉറപ്പാക്കിയ ശേഷം ഇയാൾ ഇറങ്ങി പരുക്കേറ്റ കാലുകളോടെ ഒറ്റയ്ക്ക് നടന്ന് കോളനിയിലെത്തി വിവരം പറയുകയായിരുന്നു. പിന്നീട് കോളനി നിവാസികൾ വെളുത്തയെ ആശുപത്രിയിലെത്തിച്ചു. ആദ്യം നിലമ്പൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും ഇദ്ദേഹത്തെ എത്തിച്ച് ചികിത്സ നൽകി വരികയാണ്.