ബംഗളൂരുവിലെ ഐടി കമ്പനിയിലെ ഇരട്ട കൊലപാതകം; മരിച്ചവരിൽ ഒരാൾ മലയാളി; പിന്നില്‍ ബിസിനസ് വൈരം #bengalurunews
ബെംഗളൂരു: ചൊവ്വാഴ്ച വൈകിട്ട് ഐടി കമ്പനിയുടെ മുൻ ജീവനക്കാരൻ വെട്ടിക്കൊന്നത് മലയാളിയായ സിഇഒയെയും മാനേജിങ് ഡയറക്ടറെയും. ഇന്റർനെറ്റ് സേവന കമ്പനിയായ എയറോണിക്സ് മീഡിയയുടെ സിഇഒ കോട്ടയം പനച്ചിക്കാട്…
ബെംഗളൂരു: ചൊവ്വാഴ്ച വൈകിട്ട് ഐടി കമ്പനിയുടെ മുൻ ജീവനക്കാരൻ വെട്ടിക്കൊന്നത് മലയാളിയായ സിഇഒയെയും മാനേജിങ് ഡയറക്ടറെയും. ഇന്റർനെറ്റ് സേവന കമ്പനിയായ എയറോണിക്സ് മീഡിയയുടെ സിഇഒ കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുക്മിണി വിലാസത്തിൽ ആർ.വിനുകുമാർ (47), എംഡി ഫണീന്ദ്ര സുബ്രഹ്മണ്യ എന്നിവരാണു മരിച്ചത്. വിനുകുമാറിന്റെ ഭാര്യ: ശ്രീജ. 2 മക്കളുണ്ട്.
ഇന്നലെ വൈകിട്ട് 4 മണിയോടെയാണു നഗരത്തെ ഞെട്ടിച്ച സംഭവം നടന്നത്. അമൃതഹള്ളി പമ്പാ എക്സ്റ്റൻഷനിലെ കമ്പനി ഓഫിസിൽ കടന്നുകയറി ഇവരെ വാളുപയോഗിച്ചു വെട്ടിക്കൊന്ന ഫെലിക്സ് എന്നയാൾക്കായി പൊലീസ് തിരച്ചിൽ വ്യാപിപ്പിച്ചു. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് ഇരുവരും മരിച്ചത്. എയറോണിക്സ് മീഡിയയിൽ നേരത്തേ ജോലി ചെയ്തിരുന്ന ഫെലിക്സ് മറ്റൊരു ഇന്റർനെറ്റ് കമ്പനിക്കു രൂപം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വൈരമാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.
ഓഫിസിലേക്ക് അതിക്രമിച്ചുകയറിയ ഫെലിക്സ് വാൾ ഉപയോഗിച്ച് ഇരുവരെയും വെട്ടുകയായിരുന്നു. ഒരു വർഷം മുൻപാണ് എയ്റോണിക്സ് കമ്പനി സ്ഥാപിച്ചത്. ഫെലിക്സും കൊല്ലപ്പെട്ടവരും സമാന ബിസിനസ് ആണ് നടത്തിയിരുന്നതെന്നും എയ്റോണിക്സ് കമ്പനി ഫെലിക്സിന്റെ ബിസിനസിൽ ഇടപെട്ടതാണ് ആക്രമണത്തിനു കാരണമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, ഫെലിക്സ് ടിക്ടോക് താരമാണെന്നും പൊലീസ് വ്യക്തമാക്കി. ജോക്കർ ഫെലിക്സ് എന്ന പേരിലും ഇയാൾ അറിയപ്പെടുന്നു. എയ്റോണിക്സ് വിട്ട് ഫെലിക്സ് സ്വന്തമായി കമ്പനി രൂപീകരിച്ചിരുന്നു. ഫെലിക്സിനൊപ്പം മൂന്നുപേർക്കൂടിയുണ്ടായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി.
വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവർ ഒന്നാം നിലയിലും മൂന്നാം നിലയിലുമായി ജോലി ചെയ്യുകയായിരുന്നു. വാളിനൊപ്പം കത്തി കൊണ്ടുള്ള ആക്രമണവും ഉണ്ടായിരുന്നു. പരുക്കേറ്റ ഫനീന്ദ്രയും വിനുകുമാറും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ മണിപ്പാൽ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം വിട്ടുനൽകും.