സിഎസ്‌ബി ബാങ്കിന്റെ സ്ട്രോങ് റൂമിൽനിന്ന് 96 ലക്ഷം രൂപയുടെ സ്വർണാഭരണം മോഷ്ടിച്ചു വിറ്റു; ബാങ്ക് മാനേജർ ഉൾപ്പെടെ 3 പേർ പിടിയിൽ
തിരുവനന്തപുരം∙ സിഎസ്‌ബി ബാങ്കിന്റെ നാലാഞ്ചിറ ശാഖയിലെ സ്ട്രോങ് റൂമിൽ നിന്നും 96 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ബാങ്ക് മാനേജർ അടക്കം മൂന്നു…
തിരുവനന്തപുരം∙ സിഎസ്‌ബി ബാങ്കിന്റെ നാലാഞ്ചിറ ശാഖയിലെ സ്ട്രോങ് റൂമിൽ നിന്നും 96 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ബാങ്ക് മാനേജർ അടക്കം മൂന്നു പേർ പൊലീസ് പിടിയിൽ. ബാങ്ക് മാനേജർ ചേർത്തല നോർത്ത് സിഎംസി കമ്പികാൽ ജംക്‌ഷൻ കാർത്തികയിൽ എച്ച്.രമേഷ് (31), പേരൂർക്കട ആർകെവി കൺസൾട്ടൻസി ഉടമ കുടപ്പനക്കുന്ന് കിണവൂർ അഞ്ചുമുക്കുവയൽ എഎംആർഎ നസ്രത്തിൽ ബി.വർഗീസ് (43), ജ്വല്ലറി ഉടമ നെടുമങ്ങാട് പൂവത്തൂർ വേങ്കവിള ചന്ദ്രോദയത്തിൽ എം.കിഷോർ (42) എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്‌റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ബന്ധുക്കളുടെ പേരിൽ രമേഷ് 51 ലക്ഷം രൂപ വായ്‌പ എടുത്തിരുന്നു. ഇതു തിരിച്ചടയ്ക്കാൻ വേണ്ടിയാണ് തിരിമറി നടത്തിയതെന്നു പൊലീസ് പറഞ്ഞു. വായ്‌പയ്ക്കായി ഏഴ് ഇടപാടുകാർ ഈടായി നൽകിയ 1727 ഗ്രാം സ്വർണാഭരണങ്ങളാണ് സ്ട്രോങ് റൂമിൽ നിന്നെടുത്തത്. സ്വർണാഭരണങ്ങൾ വിൽക്കാനായി സ്വകാര്യ കൺസൾട്ടൻസി ഉടമ വർഗീസിന്റെ സഹായത്തോടെ ജ്വല്ലറി ഉടമ കിഷോറിനെ സമീപിച്ചു. കിഷോർ വഴി സ്വർണം വിൽക്കുകയും കിഷോറിനും വർഗീസിനും രമേഷ് കമ്മിഷൻ നൽകുകയും ചെയ്തു.
ബന്ധുക്കളുടെ പേരിൽ വ്യാജരേഖ ചമച്ച് എടുത്ത വായ്‌പ തിരിച്ചടച്ചെങ്കിലും ഇടപാടിൽ സംശയം തോന്നിയ ബാങ്കിലെ ജീവനക്കാർ വിവരം റീജണൽ ഓഫിസിൽ അറിയിച്ചു. പിന്നാലെ നടന്ന ഓഡിറ്റിങിൽ ആണ് സ്വർണാഭരണങ്ങൾ നഷ്ടമായെന്നു കണ്ടെത്തിയത്. പലയിടത്തായി വിറ്റ ആഭരണങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. എസ്എച്ച്ഒ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.