വീട്ടുകാരെ മയക്കികിടത്തി കവർച്ച നടത്തിയ നേപ്പാൾ സ്വദേശി കോടതിയിൽ കുഴഞ്ഞുവീണു മരിച്ചു
വർക്കലയിൽ വീട്ടുകാരെ മയക്കി കവർച്ച നടത്തിയ കേസിലെ പ്രതി കോടതിയിൽ കുഴഞ്ഞുവീണു മരിച്ചു. നേപ്പാൾ സ്വദേശി രാം കുമാർ (48) ആണ് മരിച്ചത്. മോഷണത്തിനുശേഷം വീടിനു പരിസരത്തു…
വർക്കലയിൽ വീട്ടുകാരെ മയക്കി കവർച്ച നടത്തിയ കേസിലെ പ്രതി കോടതിയിൽ കുഴഞ്ഞുവീണു മരിച്ചു. നേപ്പാൾ സ്വദേശി രാം കുമാർ (48) ആണ് മരിച്ചത്. മോഷണത്തിനുശേഷം വീടിനു പരിസരത്തു ഒളിച്ചിരുന്ന രാം കുമാറിനെയും കൂട്ടാളിയെയും നാട്ടുകാരാണ് പൊലീസിൽ ഏൽപ്പിച്ചത്. വർക്കല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കുഴഞ്ഞു വീണത്. സംഘത്തിലുള്ള വനിത ഉൾപ്പെടെ മൂന്നുപേരെ പിടികൂടാനുണ്ട്.
വർക്കലയിൽ സ്ത്രീകൾ മാത്രമുള്ള വീട്ടിലാണ് നേപ്പാള്‍ സ്വദേശിനിയായ ജോലിക്കാരിയുടെ നേതൃത്വത്തിലുള്ള സംഘം മോഷണം നടത്തിയത്. വീട്ടുകാരെ മയക്കി കിടത്തിയായിരുന്നു മോഷണം. ഹരിഹരപുരം എൽപി സ്കൂളിനു സമീപത്തെ വീട്ടിലാണ് ചൊവ്വാഴ്ച മോഷണം നടന്നത്. വീട്ടിൽ ശ്രീദേവിയമ്മ, മരുകളും സ്കൂൾ പ്രിൻസിപ്പലുമായ ദീപ, ഹോം നഴ്സായ സിന്ധു എന്നിവരായിരുന്നു താമസം. വീട്ടുകാരെ മയക്കി സ്വർണവും പണവുമാണ് മോഷ്ടിച്ചത്. ഭക്ഷണത്തിലാണ് മയക്കു മരുന്നു കലർത്തിയത്.നേപ്പാൾ സ്വദേശിനി ജോലിക്കെത്തിയത് ദിവസങ്ങൾക്കു മുൻപാണ്.
ശ്രീദേവിയമ്മയുടെ മകൻ ബെംഗളൂരുവിലാണ്. ഭാര്യ ദീപയെ ഫോണിൽ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് അയൽക്കാരെ വിവരം അറിയിച്ചു. അടുത്ത വീട്ടിൽനിന്ന് ആളുകളെത്തിയപ്പോൾ ചിലർ വീട്ടിൽനിന്ന് ഇറങ്ങി ഓടി. വീട്ടുകാർ ബോധരഹിതരായ നിലയിലായിരുന്നു. പിന്നാലേ നടന്ന പരിശോധനയിൽ ഒരാളെ വീടിനോട് ചേർന്ന മതിലിനടുത്ത് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തി. ഇയാളുടെ പക്കൽ പണവും സ്വർണവും ഉണ്ടായിരുന്നു. പരിശോധനയിൽ ഒളിച്ചിരുന്ന ഒരാളെക്കൂടി പിടികൂടി.