കാസര്‍കോട്ട് മോക്‌പോളില്‍ ബിജെപിക്ക് അധിക വോട്ട്: പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കാസര്‍കോട്ടെ മോക്‌പോളില്‍ ബിജെപിക്ക് അധിക വോട്ടു പോയി എന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ഇലക്ട്രോണിക് വോട്ടിങ് മെഷീനിനൊപ്പം വിവിപാറ്റ്…

By :  Editor
Update: 2024-04-18 01:52 GMT

ന്യൂഡല്‍ഹി: കാസര്‍കോട്ടെ മോക്‌പോളില്‍ ബിജെപിക്ക് അധിക വോട്ടു പോയി എന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ഇലക്ട്രോണിക് വോട്ടിങ് മെഷീനിനൊപ്പം വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ കൂടി എണ്ണണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് മോക്‌പോള്‍ വിഷയം സുപ്രീംകോടതിയില്‍ ഉയര്‍ന്നു വന്നത്.

ഹര്‍ജി നല്‍കിയതിലൊന്നായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആണ് കാസര്‍കോട്ട് ഉണ്ടായ മോക്‌പോള്‍ വിഷയം കോടതിയില്‍ ഉന്നയിച്ചത്. നാലു ഇലക്ടോണിക് വോട്ടിങ് മെഷീനുകളില്‍ മോക്‌പോള്‍ നടത്തിയപ്പോള്‍ ഓരോ വോട്ടുകള്‍ ബിജെപിക്ക് അധികമായി പോയി എന്നാണ് ഭൂഷണ്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.

മോക്‌പോളില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാന്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുമായും ഇവിഎമ്മുമായും ബന്ധപ്പെട്ട പ്രക്രിയകള്‍, കൃത്രിമം നടന്നിട്ടില്ലെന്ന് ഉറപ്പാക്കുന്നത് തുടങ്ങിയവ വിശദീകരിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിവിപാറ്റ് ഹര്‍ജിയില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

ഇന്നലെ നടന്ന മോക്പോളിലാണ് ഇവിഎമ്മിൽ ബിജെപിക്ക് അധികമായി വോട്ടു ലഭിച്ചത്. മോക് പോളിന്റെ ആദ്യ റൗണ്ടിൽ 190 വോട്ടിങ് മെഷീനുകളും പരിശോധിച്ചു. 20 മെഷീനുകളാണ് ഒരുസമയം പബ്ലിഷ് ചെയ്തത്. ഒരു യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്താൻ പത്ത് ഓപ്ഷനുണ്ട്. ഓരോ ഓപ്ഷനും ഓരോ തവണ അമർത്തി പരീക്ഷിച്ചപ്പോൾ നാലു മെഷീനുകളിൽ ബിജെപിക്ക് രണ്ടു വോട്ട് ലഭിച്ചതായി വ്യക്തമാക്കി. ബിജെപിയുടെ ചിഹ്നത്തിൽ അമർത്താതിരുന്നപ്പോഴും പാർട്ടിയുടെ കണക്കിൽ ഒരു വോട്ട് രേഖപ്പെടുത്തുകയായിരുന്നു.

തുടർന്ന് കാസർകോട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം വി ബാലകൃഷ്ണൻ, സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരുടെ ഏജന്റുമാരാണ് ജില്ലാ കലക്ടർ കെ ഇമ്പശേഖറിന് പരാതി നൽകിയത്. മോക് പോളിൽ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

ഇവിഎം വഴി വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്ന മിക്ക യൂറോപ്യന്‍ രാജ്യങ്ങളും പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങിയെന്ന് നേരത്തെ ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ തിരികെ ബാലറ്റിലേക്ക് മടങ്ങിപ്പോകുന്നതിന്റെ പ്രായോ​ഗിക ബുദ്ധിമുട്ടുകൾ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സാധാരണയായി മനുഷ്യ ഇടപെടലില്ലാതെ യന്ത്രം നിങ്ങള്‍ക്ക് കൃത്യമായ ഫലങ്ങള്‍ നല്‍കും. മനുഷ്യന്റെ ഇടപെടല്‍ ഉണ്ടാകുമ്പോഴോ, സോഫ്റ്റ് വെയറിലോ മെഷീനിലോ അനധികൃതമായി മാറ്റങ്ങള്‍ വരുത്തുമ്പോഴോ ആണ് പ്രശ്‌നം ഉണ്ടാകുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Tags:    

Similar News