രാഹുല്‍ രാജ്യം വിട്ടതായി സ്ഥിരീകരണം: മുൻപ് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു: ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നുവെന്ന് അമ്മ

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ ആക്രമിച്ച കേസിലെ പ്രതിയായ രാഹുല്‍ പി.ഗോപാല്‍ (29) രാജ്യം വിട്ടതായി സ്ഥിരീകരണം. രാഹുൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമായതിനാലാണ്…

By :  Editor
Update: 2024-05-16 05:24 GMT

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ ആക്രമിച്ച കേസിലെ പ്രതിയായ രാഹുല്‍ പി.ഗോപാല്‍ (29) രാജ്യം വിട്ടതായി സ്ഥിരീകരണം. രാഹുൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമായതിനാലാണ് രാജ്യം വിടേണ്ടി വന്നതെന്നും രാഹുൽ പറഞ്ഞു. പെൺകുട്ടിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്നും ഭീഷണി ഉണ്ടായതിനു പിന്നാലെയാണ് രാജ്യം വിട്ടതെന്നും രാഹുൽ വ്യക്തമാക്കി.

പെൺകുട്ടിയെ മർദിച്ചു എന്നത് ശരിയാണെന്ന് രാഹുൽ സമ്മതിച്ചു. എന്നാൽ അത് സ്ത്രീധനത്തിനോ കാറിനോ വേണ്ടിയല്ല. ജർമനിയിൽ ജോലി ചെയ്യുന്ന തനിക്ക് നാട്ടിൽ കാറിന്റെ ആവശ്യമില്ല. പെൺകുട്ടിയുടെ ഫോണിൽ പ്രകോപനപരമായ ചില കാര്യങ്ങൾ കണ്ടതിനെത്തുടർന്നാണ് മർദിച്ചതെന്നും രാഹുൽ പറഞ്ഞു. അതേസമയം, രാഹുൽ രാജ്യം വിട്ടു എന്ന കാര്യത്തിൽ ഇതുവരെ പൊലീസിന്റെ സ്ഥിരീകരണം വന്നിട്ടില്ല. ഇയാളുടെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷന്‍ കണ്ടെത്തിയത് കര്‍ണാടകയിലാണെന്നാണ് സൂചന. കോഴിക്കോടുനിന്ന് റോഡ് മാര്‍ഗം ബെംഗളൂരുവിലെത്തിയ പ്രതി ഇവിടെനിന്ന് സിംഗപ്പൂരിലേക്ക് കടന്നതായാണ് സംശയിക്കുന്നത്.

അതേ സമയം രാഹുൽ മുൻപ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് അമ്മ. ഈരാറ്റുപേട്ടയിലെ പെൺകുട്ടിയുമായി റജിസ്റ്റർ വിവാഹം നടന്നിട്ടുണ്ടെന്ന് രാഹുലിന്റെ അമ്മ പറഞ്ഞു. രാഹുലിനായി പൊലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ്, വേറൊരു വിവാഹം കഴിച്ചിരുന്നതായി അമ്മയുടെ വെളിപ്പെടുത്തൽ. ‘‘ആ പെൺകുട്ടിയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. പറവൂരിലെ പെൺകുട്ടിയുമായി സ്ത്രീധനത്തെപ്പറ്റി സംസാരിച്ചിട്ടില്ല. പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണ്. രാഹുൽ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നു. വിഷമമുണ്ട്.’’ – രാഹുലിന്റെ അമ്മ പറഞ്ഞു.

ഇന്നലെ വൈകിട്ട് ആറുമണിക്ക് പെൺകുട്ടിയുടെ വീട്ടിലെത്തി പൊലീസ് മെഴിയെടുത്തു. മൊഴിയെടുക്കല്‍ രാത്രി 10 വരെ നീണ്ടു. നവ വധു, മാതാപിതാക്കള്‍, അടുത്ത ബന്ധുക്കൾ തുടങ്ങി പലരുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി. മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ചതും അസഭ്യം പറഞ്ഞതും കൊലപ്പെടുത്താൻ ശ്രമിച്ചതും അടക്കം ഭര്‍ത്താവിന്‍റെ കൊടും ക്രൂരതകള്‍ പെൺകുട്ടി പ്രത്യേക അന്വേഷണ സംഘത്തിനോട് വിശദീകരിച്ചു.

പന്തീരാങ്കാവിലെ രാഹുലിന്‍റെ വീട്ടിൽ വിരുന്നിന് എത്തിയപ്പോള്‍ ഉണ്ടായ അനുഭവമടക്കമുള്ള കാര്യങ്ങള്‍ മാതാപിതാക്കളും പൊലീസിനോട് പറഞ്ഞു. പരാതിക്കാരുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായെന്നും അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പ്രത്യേക അന്വേഷണ ചുമതല വഹിക്കുന്ന എസിപി സാജു പി.എബ്രഹാം പറഞ്ഞു.

Tags:    

Similar News