രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ചതിന് സുഹൃത്ത് അറസ്റ്റില്‍; അമ്മയ്ക്കും സഹോദരിക്കും നോട്ടീസ്
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചതിന് സുഹൃത്ത് അറസ്റ്റില്‍. പ്രതി രാഹുല്‍ പി.ഗോപാലിന്റെ സുഹൃത്തായ രാജേഷിനെയാണ് അന്വേഷണംസംഘം വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യംചെയ്യാനായി പോലീസ്…
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചതിന് സുഹൃത്ത് അറസ്റ്റില്‍. പ്രതി രാഹുല്‍ പി.ഗോപാലിന്റെ സുഹൃത്തായ രാജേഷിനെയാണ് അന്വേഷണംസംഘം വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യംചെയ്യാനായി പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ബെംഗളൂരു വഴി വിദേശത്തേക്ക് രക്ഷപ്പെടാന്‍ പ്രതിയെ സഹായിച്ചത് ഇയാളാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
പ്രതിയായ രാഹുല്‍ പി.ഗോപാല്‍ സിങ്കപ്പൂര്‍ വഴി ജര്‍മനിയിലെത്തിയെന്നാണ് വിവരം. രാഹുല്‍ വിദേശത്തേക്ക് കടന്നതായ സൂചന ലഭിച്ചതോടെ പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചിരുന്നു. ഇതിനായി ഇന്റര്‍പോളിന്റെ സഹായം തേടും. പ്രതിക്കെതിരേ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് നീക്കം. രാഹുലിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ഐ.ബി.യ്ക്കും പോലീസ് കൈമാറി.
ജര്‍മനിയില്‍ എയറോനോട്ടിക്കല്‍ എന്‍ജിനിയറാണ് രാഹുല്‍. ഇയാളുടെ നാട്ടിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. വിദേശത്തുള്ള ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്. അതിനിടെ, പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനായി രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും നോട്ടീസ് കൈമാറി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്കുള്ളിൽ ഹാജരാകണമെന്നാണ് നിര്‍ദേശം. കഴിഞ്ഞദിവസം ഇവരുടെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം വീട്ടിലെത്തിയിരുന്നെങ്കിലും രണ്ടുപേരും ഇവിടെയുണ്ടായിരുന്നില്ല. ഗാര്‍ഹിക പീഡനത്തില്‍ രാഹുലിന്റെ അമ്മയ്‌ക്കെതിരേയും പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ട്.