അഡ്വഞ്ചർ ടൂറിസം വിനോദ സഞ്ചാരികളുടെ ഇഷ്ട ഇനം; വരുമാനം 23.5 കോടി
തിരുവനന്തപുരം: വിനോദ സഞ്ചാരികളെ ആകർഷിച്ച് അഡ്വഞ്ചർ ടൂറിസം. കഴിഞ്ഞ വർഷം 23.5 കോടി രൂപയാണ് ഈ രംഗത്തെ വരുമാനം. പ്രദേശവാസികൾക്ക് മികച്ച അവസരം ലഭിച്ചതിനു പുറമേ, 3000ത്തിലധികം…
തിരുവനന്തപുരം: വിനോദ സഞ്ചാരികളെ ആകർഷിച്ച് അഡ്വഞ്ചർ ടൂറിസം. കഴിഞ്ഞ വർഷം 23.5 കോടി രൂപയാണ് ഈ രംഗത്തെ വരുമാനം. പ്രദേശവാസികൾക്ക് മികച്ച അവസരം ലഭിച്ചതിനു പുറമേ, 3000ത്തിലധികം സ്ഥിരംജോലി സൃഷ്ടിക്കാനും സാധിച്ചു. ടൂറിസം വകുപ്പിൽ രജിസ്റ്റർ ചെയ്ത 60 പേർ ഉൾപ്പെടെ സാഹസിക ടൂറിസം പ്രവർത്തനങ്ങളിലുള്ള ഏകദേശം 200 ആളുകൾ സ്വകാര്യ മേഖലയിലുണ്ട്.
ഇടുക്കി, വയനാട്, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം, കാസർകോട്, മലപ്പുറം, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും സാഹസിക വിനോദസഞ്ചാരം. വാട്ടർ സ്പോർട്സ്, ട്രെക്കിങ്, പാരാഗ്ലൈഡിങ് എന്നിവയ്ക്ക് അനുയോജ്യമായ സ്ഥലം കൂടിയാണിത്.
പാരാഗ്ലൈഡിങ്, സർഫിങ്, മൗണ്ടൻ സൈക്ലിങ്, വൈറ്റ് വാട്ടർ കയാക്കിങ് എന്നിവയിലാണ് കേരളത്തിലെ വിനോദ സഞ്ചാര സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുന്നത്. ക്യാമ്പിങ്-സാഹസിക ടൂറിസം പ്രവർത്തനങ്ങൾ സുഗമമാക്കാൻ സംസ്ഥാന സർക്കാർ നേരത്തേതന്നെ സുരക്ഷാ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിരുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സാഹസിക വിനോദസഞ്ചാരം ഇപ്പോൾ വളരെയധികം ശ്രദ്ധയാകർഷിക്കുന്നതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.