കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ 7 ഇന്ത്യക്കാർ മരിച്ചു; 2 മലയാളികൾക്ക് ഗുരുതര പരിക്ക്
കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഏഴ് ഇന്ത്യക്കാർ മരിച്ചു. രണ്ടു മലയാളികളുൾപ്പെടെ മൂന്നു പേർക്കു ഗുരുതര പരിക്കേറ്റു. ബിനു മനോഹരൻ, സുരേന്ദ്രൻ എന്നീ…
കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഏഴ് ഇന്ത്യക്കാർ മരിച്ചു. രണ്ടു മലയാളികളുൾപ്പെടെ മൂന്നു പേർക്കു ഗുരുതര പരിക്കേറ്റു. ബിനു മനോഹരൻ, സുരേന്ദ്രൻ എന്നീ മലയാളികള്‍ക്കാണു പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ അഞ്ചിന് ഫിൻദാസിലെ സെവൻത് റിങ് റോഡിലായിരുന്നു അപകടം. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേക്കു മടങ്ങുകയായിരുന്ന സ്വകാര്യ കമ്പനിയിലെ ജോലിക്കാർ സഞ്ചരിച്ച മിനിബസിൽ സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു.
തുടർന്ന് മിനി ബസ് അബ്ദുല്ല അൽ മുബാറക് ഏരിയയ്ക്ക് എതിർവശത്തെ യു ടേൺ പാലത്തിന്റെ കൈവരിയിലിടിച്ചു തകർന്നു. 10 പേരായിരുന്നു മിനി ബസിലുണ്ടായിരുന്നത്. ആറുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണു മരിച്ചത്. പൂർണമായും തകർന്ന മിനിബസ് പൊളിച്ചാണ് ഉടൻ സ്ഥലത്തെത്തിയ എമർജൻസി റെസ്പോണ്ട് ടീം മരിച്ചവരെയും പരുക്കേറ്റവരെയും പുറത്തെടുത്തത്. ഉത്തരേന്ത്യക്കാരാണു മരിച്ച ഇന്ത്യക്കാരെന്നാണു പ്രാഥമിക നിഗമനം. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.