അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമല്ല; കേന്ദ്ര, കർണാടക സർക്കാരുകൾക്ക് നിർദേശം നൽകണം; സുപ്രീംകോടതിയിൽ ഹർജി
ന്യൂഡൽഹി: കർണാടകയിലെ ഷിരൂരിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ രക്ഷാദൗത്യത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി. രക്ഷാദൗത്യത്തിന് കേന്ദ്ര, കർണാടക, കേരള സർക്കാരുകൾക്ക് നിർദേശം…
ന്യൂഡൽഹി: കർണാടകയിലെ ഷിരൂരിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ രക്ഷാദൗത്യത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി. രക്ഷാദൗത്യത്തിന് കേന്ദ്ര, കർണാടക, കേരള സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. അഭിഭാഷകൻ സുഭാഷ് ചന്ദ്രനാണ് ഹർജി സമർപ്പിച്ചത്.
കഴിഞ്ഞ അഞ്ച് ദിവസം നടത്തിയ തിരച്ചിലിലും ഫലമുണ്ടായില്ലെന്നും, തിരച്ചിൽ ഊർജിതമല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അർജുൻ മണ്ണിനിടിയിൽ പെട്ട ദിവസം മുതലുള്ള പ്രവർത്തനങ്ങൾ അടക്കം പരാമർശിച്ചാണ് ഹർജി. യുദ്ധകാലാടിസ്ഥാനത്തിൽ മണ്ണ് നീക്കം ചെയ്ത് രക്ഷാപ്രവർത്തനം നടത്തണം. ഇതിനായി എല്ലാ സേനകളുടെയും അടിയന്തര ഇടപെടൽ ഉണ്ടാകണം. അതിനായി കോടതി ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
അർജുനായുള്ള തിരച്ചിൽ ആറാം ദിവസവും തുടരുകയാണ്. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ കൊണ്ടു വന്നാണ് തിരച്ചിൽ നടത്തുന്നത്. ലോറി ഉണ്ടെന്ന് കരുതപ്പെടുന്ന സ്ഥലം കേന്ദ്രീകരിച്ചാണ് മണ്ണുനീക്കൽ പുരോഗമിക്കുന്നത്. ഇതിനിടെ പ്രദേശത്ത് ഇടവിട്ടുള്ള മഴ രക്ഷാദൗത്യത്തിന് തിരിച്ചടിയാണ്. ഇവിടെ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒലിച്ചുപോകാനുള്ള സാധ്യത പരിഗണിച്ച് സമീപത്തെ പുഴയിലും എൻഡിആർഎഫ് തിരച്ചിൽ നടത്തുന്നുണ്ട്.