ആഗോള റബർ ഉൽപാദകരെ സമ്മർദത്തിലാക്കി ഊഹക്കച്ചവടക്കാർ

Update: 2024-10-08 02:42 GMT

ആഗോള റബർ ഉൽപാദകരെ സമ്മർദത്തിലാക്കി ഊഹക്കച്ചവടക്കാർ വിപണിയുടെ ദിശതിരിച്ചു. ഒരാഴ്‌ച നീളുന്ന ആഘോഷങ്ങൾക്കായി ചൈനീസ്‌ വ്യവസായികൾ അന്താരാഷ്ട്ര വിപണിയിൽനിന്ന് അകന്ന അവസരത്തിലാണ്‌ അവധി വ്യാപാരം രംഗം കൈപ്പിടിയിലൊതുക്കി വിപണിയെ അവർ അമ്മാനമാടിയത്‌.

വിദേശ മാർക്കറ്റിൽ നിന്ന് ഏറ്റവും കൂടുതൽ റബർ ഇറക്കുമതി നടത്തുന്നത്‌ ബെയ്ജിങ്ങിലെ വ്യവസായികളാണ്‌. ചൈനീസ്‌ വ്യവസായിക മേഖല തിരിച്ചുവരവിന്റെ പാതയിലേക്ക്‌ ചുവടുവെക്കുന്ന സന്ദർഭമായതിനാൽ ആഗോള തലത്തിൽ വരും മാസങ്ങളിൽ ഷീറ്റിനും ലാറ്റക്‌സിലും പതിവിലും ഡിമാൻഡ് വിപണി വൃത്തങ്ങൾ മുന്നിൽ കണ്ടു. അതുകൊണ്ടുതന്നെ പിന്നിട്ട വാരങ്ങളിൽ കാര്യമായി ചരക്കിറക്കാതെ ഉയർന്ന വിലക്കുവേണ്ടി തായ്‌ലൻഡും ഇന്തോനേഷ്യയും മലേഷ്യയും സംഘടിത നീക്കം നടത്തുകയായിരുന്നു.

ജപ്പാൻ വിപണിയിൽ റബർ വില ഉയർന്ന തക്കത്തിനാണ്‌ പുതിയ വിൽപനകൾ സൃഷ്‌ടിച്ച്‌ ഊഹക്കച്ചവടക്കാർ വിപണിയുടെ ദിശ തിരിച്ചത്‌. ഒരവസരത്തിൽ കിലോ 440 യെൻ വരെ ഉയർന്ന്‌ ഇടപാടുകൾ നടന്ന ജപ്പാനിൽ പിന്നീട്‌ വില കുത്തനെ താഴ്‌ന്നു. ഇതിന്റെ ചുവടുപിടിച്ച്‌ തായ്‌ലൻഡിൽ ഷീറ്റ്‌ വില 254 രൂപയിൽ നിന്നും 245 ലേക്ക്‌ താഴ്‌ന്നു. കേരളത്തിൽ നാലാം ഗ്രേഡ്‌ 225 രൂപയിൽ നിന്ന് 214 രൂപയായി. ടാപ്പിങ്‌ സീസണായതിനാൽ ചെറുകിട കർഷകർ പുതിയ ചരക്കു വിൽപന നടത്തുന്നുണ്ട്‌.

Tags:    

Similar News