നിയന്ത്രണത്തിൽ അയവു വന്നതോടെ വാഹനങ്ങളിൽ കൂളിങ് ഫിലിം ഒട്ടിക്കാൻ തിരക്ക്. ചില്ലുകളിൽ നിർദിഷ്ട മാനദണ്ഡം അനുസരിച്ചുള്ള സേഫ്റ്റി ഗ്ലേസിങ് ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധിയെ തുടർന്നാണിത്. അപ്പീൽ പോകില്ലെന്നും വിധി നടപ്പാക്കുമെന്നും ഗതാഗത കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞിരുന്നു.
വാഹനത്തിന്റെ മുൻ, പിൻ ഗ്ലാസുകളിൽ 70%, സൈഡ് ഗ്ലാസുകളിൽ 50% എന്നിങ്ങനെ പ്രകാശം കടന്നുപോകുന്ന വിധത്തിൽ കൂളിങ് ഫിലിം ഒട്ടിക്കാമെന്നാണു ഹൈക്കോടതി വിധി. ഇങ്ങനെ ചെയ്താൽ ഉദ്യോഗസ്ഥർക്കു പിഴ ഈടാക്കാനാകില്ല. വെയിൽ കടുത്തതോടെ കഴിഞ്ഞ ദിവസങ്ങളിൽ വൻ ചൂടാണ് അനുഭവപ്പെടുന്നത്. വാഹനങ്ങളിൽ എസി ഇട്ടാലും തണുക്കാൻ സമയമെടുക്കും. എസി ഇല്ലാത്ത വാഹനങ്ങളിലും കൂളിങ് ഫിലിം ഒട്ടിക്കുന്നതോടെ ചൂടിന് അൽപം ആശ്വാസമാകും.
അതേസമയം മാനദണ്ഡങ്ങൾ ലംഘിച്ചു കൂടുതൽ കറുത്ത ഫിലിം ഒട്ടിക്കുന്നതു വീണ്ടും നിയന്ത്രണങ്ങൾ വരാൻ കാരണമാകുമെന്നും അങ്ങനെ ചെയ്യാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ഇവർ പറയുന്നു. മാനദണ്ഡങ്ങൾ പാലിച്ചാണോ ഫിലിം ഒട്ടിച്ചിട്ടുള്ളതെന്നു പരിശോധന തുടരുമെന്നു ഗതാഗത ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.