ഫെഡറൽ ബാങ്കിന് റെക്കോഡ് ലാഭം, സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 1057 കോടി രൂപ അറ്റാദായം

ഓഹരികള്‍ കുതിക്കുന്നു, ചരിത്ര നേട്ടം

Update: 2024-10-29 14:20 GMT

കൊച്ചി: 2024 സെപ്റ്റംബർ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 10.79 ശതമാനം വർദ്ധനവോടെ ഫെഡറൽ ബാങ്ക് 1056.69 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 953.82 കോടി രൂപയായിരുന്നു അറ്റാദായം. ചരിത്രത്തിലെ ഏറ്റവുമുയർന്ന പാദവാർഷിക അറ്റാദായമാണ് ഇതോടെ ഫെഡറൽ ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്തടുത്ത പാദങ്ങളിലായി ആയിരം കോടി രൂപയിലധികം അറ്റാദായം നേടുക എന്ന നാഴികക്കല്ലും ഇതോടെ ഫെഡറൽ ബാങ്ക് കടന്നു.

“വിവിധ മേഖലകളിൽ കൈവരിച്ച മികച്ച വളർച്ച ബാങ്കിന്റെ രണ്ടാം പാദത്തെ മികവുറ്റതാക്കി. അടുത്തടുത്ത പാദങ്ങളിൽ ആയിരം കോടി രൂപയ്ക്കു മുകളിൽ അറ്റാദായം നേടാൻ കഴിഞ്ഞതിൽ ഈ മികവ് പ്രതിഫലിക്കുന്നുണ്ട്." ബാങ്കിന്റെ എംഡിയും സി ഇ ഓയുമായ കെ വി എസ് മണിയൻ പ്രസ്താവിച്ചു. "ഞങ്ങളുടെ ദീർഘകാല നിക്ഷേപങ്ങൾക്ക് ക്രിസിൽ എഎഎ റേറ്റിംഗ് ലഭിച്ചത് ശ്രദ്ധേയമാണ്. എല്ലാ മേഖലകളിലും നേടാൻ സാധിച്ച വളർച്ച ശക്തവും ഉൾക്കൊള്ളുന്നതുമാണ്. കൂടാതെ ആസ്തിഗുണമേന്മയും മെച്ചപ്പെട്ടു. ഈ വളർച്ചയും നേട്ടവും തുടർന്നുകൊണ്ടുപോവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവര്‍ത്തനലാഭത്തിലും ബാങ്കിന് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചു. 18.19 ശതമാനം വര്‍ധനവോടെ പ്രവർത്തനലാഭം 1565.36 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവിൽ 1324.45 കോടി രൂപയായിരുന്നു പ്രവർത്തനലാഭം.

ബാങ്കിന്റെ മൊത്തം ബിസിനസ് 17.32 ശതമാനം വര്‍ധിച്ച് 499418.83 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തിൽ 232868.43 കോടി രൂപയായിരുന്ന നിക്ഷേപം 269106.59 കോടി രൂപയായി വര്‍ധിച്ചു.

വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 192816.69 കോടി രൂപയില്‍ നിന്ന് 230312.24 കോടി രൂപയായി വര്‍ധിച്ചു. റീട്ടെയ്ൽ വായ്പകള്‍ 17.24 ശതമാനം വര്‍ധിച്ച് 72701.75 കോടി രൂപയായി. കാര്‍ഷിക വായ്പകള്‍ 29.40 ശതമാനം വര്‍ധിച്ച് 32487 കോടി രൂപയിലും വാണിജ്യ ബാങ്കിങ് വായ്പകള്‍ 24.34 ശതമാനം വര്‍ധിച്ച് 24493.35 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 10.48 ശതമാനം വര്‍ധിച്ച് 77953.84 കോടി രൂപയിലുമെത്തി. ബിസിനസ് ബാങ്കിംഗ് വായ്‌പകൾ 19.26 ശതമാനം വർദ്ധിച്ച് 19121.18 കോടി രൂപയായി.

അറ്റപലിശ വരുമാനം 15.11 ശതമാനം വര്‍ധനയോടെ 2367.23 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 2056.42 കോടി രൂപയായിരുന്നു.

4884.49 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.09 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1322.29 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.57 ശതമാനമാണിത്. 71.82 ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 31108.20 കോടി രൂപയായി വര്‍ധിച്ചു. 15.20 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന് നിലവിൽ 1533 ബാങ്കിംഗ് ഔട്ട് ലെറ്റുകളും 2052 എടിഎം/ സിടിഎമ്മുകളുമുണ്ട്. 

Tags:    

Similar News