സ്വർണത്തിന് ഇന്നും വമ്പൻ വീഴ്ച, ഈമാസം ഇടിഞ്ഞത് 4,160 രൂപ ; വില ഇനിയും കുറഞ്ഞേക്കും !
ആഭരണപ്രിയർക്കും കല്യാണം ഉൾപ്പെടെ ആവശ്യങ്ങൾക്കായി വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്കും വൻ ആശ്വാസം സമ്മാനിച്ച് സ്വർണ വില തുടർച്ചയായി കൂപ്പുകുത്തുന്നു. കേരളത്തിൽ ഇന്നും പവന് 880 രൂപ കുറഞ്ഞു വില 56,000 രൂപയ്ക്കു താഴെയെത്തി. 55,480 രൂപയിലാണു വ്യാപാരം. ഗ്രാമിന് 110 രൂപ ഇടിഞ്ഞ് വില 6,935 രൂപയായി. സെപ്റ്റംബർ 23നുശേഷം ആദ്യമായാണ് പവൻവില 56,000 രൂപയ്ക്കും ഗ്രാം വില 7,000 രൂപയ്ക്കും താഴെ എത്തുന്നത്
ഈ മാസം ഇതുവരെ പവന് കുറഞ്ഞത് 4,160 രൂപയാണ്. ഗ്രാമിന് 520 രൂപയും. ഇക്കഴിഞ്ഞ ഒക്ടോബർ 31നു കുറിച്ച പവന് 59,640 രൂപയും ഗ്രാമിന് 7,455 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും റെക്കോർഡ് വില. കനംകുറഞ്ഞ ലൈറ്റ്‍വെയ്റ്റ് ആഭരണങ്ങളും വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും ഇന്ന് 90 രൂപ ഇടിഞ്ഞ് 5,720 രൂപയായി. ഇന്നലെ കൂടിയ വെള്ളിവില ഇന്നു താഴേക്കിറങ്ങി. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് വില 97 രൂപയായി.
രാജ്യാന്തര സ്വർണവില ഔൺസിന് 2,559.11 ഡോളറിലേക്കാണ് ഇന്ന് കൂപ്പുകുത്തിയത്. ഇന്നുമാത്രം കുറഞ്ഞത് 50 ഡോളറിലധികം. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 2,561 ഡോളറിൽ. രാജ്യാന്തരവിലയിലെ ഇടിവ് കേരളത്തിലും ഇന്ന് വില കുറയാൻ ഇടയാക്കി. രാജ്യാന്തരവില 2,545 ഡോളറിന് താഴേക്കുവീണാൽ, വിലത്തകർച്ച ചെന്നുനിൽക്കുക 2,472 ഡോളറിലേക്ക് ആയിരിക്കുമെന്നു ചില നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില 54,000 രൂപ നിലവാരത്തിലേക്കും താഴാം.