ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ; മുൻകൂർ വാദം കേൾക്കണമെന്ന ഹർജി തള്ളി ബംഗ്ലാദേശ് കോടതി
ധാക്ക: രാജ്യദ്രോഹക്കുറ്റം ചുമത്തി ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്ത ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിനെതിരെ എടുത്ത കേസിൽ ജാമ്യാപേക്ഷയിൽ മുൻകൂർ വാദം കേൾക്കണമെന്ന ആവശ്യം തള്ളി ബംഗ്ലാദേശ് കോടതി.
നേരത്തെ നിശ്ചയിച്ച പ്രകാരം ജനുവരി രണ്ടിന് മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളു എന്ന് മെട്രോപൊളിറ്റൻ സെഷൻ ജഡ്ജി സെയ്ഫുൾ ഇസ്ലാം വ്യക്തമാക്കി.
ചിന്മയ് കൃഷ്ണദാസിന് വേണ്ടി ഹാജരായ അഭിഭാഷകനായ രവീന്ദ്ര ഘോഷ്, അദ്ദേഹത്തിന്റെ പേരിലുള്ള പവർ ഓഫ് അറ്റോർണി ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. ചിന്മയ് കൃഷ്ണദാസിന് പ്രമേഹം, ആസ്മ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും അദ്ദേഹത്തിനെതിരെ കെട്ടിച്ചമച്ച കേസാണിതെന്നുമാണ് രവീന്ദ്ര ഘോഷ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.
ചിന്മയ് കൃഷ്ണദാസിന് വേണ്ടി ഹാജരാകാൻ രവീന്ദ്ര ഘോഷിന് അധികാരമില്ലെന്ന് മറ്റൊരു അഭിഭാഷകൻ ജഡ്ജിയെ അറിയിച്ചിരുന്നു. ഇതോടെയാണ് കേസിൽ തുടർവാദം കേൾക്കാൻ ജഡ്ജി വിസമ്മതിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.