വടകര ഓർക്കാട്ടേരിയിൽ ഗണപതി ക്ഷേത്രത്തിന്റെ ഭൂമി കയ്യേറി ശൗചാലയം പണിയാൻ പഞ്ചായത്തിന്റെ ഗൂഢനീക്കമെന്നാരോപണം ; കയ്യേറ്റത്തിനെതിരെ ഭക്തരുടെ പ്രതിഷേധം
കോഴിക്കോട്: വടകര ഓർക്കാട്ടേരിയിൽ ഗണപതി ക്ഷേത്രത്തിന്റെ ഭൂമി കയ്യേറി ശൗചാലയം പണിയാൻ പഞ്ചായത്തിന്റെ ഗൂഢനീക്കം. RMPയുടെ പിന്തുണയോടെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിനെതിരെ ഭക്തജന പ്രതിഷേധം ഇരമ്പുകയാണ്. ഒരു കാരണവശാലും പഞ്ചായത്തിന്റെ നടപടി അംഗീകരിക്കാൻ ആവില്ലെന്നാണ് ഭക്തജനങ്ങളുടെ നിലപാട്. വലിയ പ്രതിഷേധമാണ് പ്രദേശത്തുനിന്ന് ഉയരുന്നത്.
ആസ്തി രജിസ്റ്ററിൽ ചേർത്ത് സർക്കാർ ഭൂമിയാണെന്ന് വരുത്തി തീർക്കാനാണ് പഞ്ചായത്തിന്റെ ശ്രമം. സ്ഥലം ഗണപതി ക്ഷേത്രത്തിന്റെ ഭൂമിയാണെന്ന് കാണിക്കുന്ന രേഖകൾ ഭക്തജനങ്ങൾ സമർപ്പിച്ചിട്ടുണ്ട്. കേസ് കോടതിയുടെ പരിഗണനയിലാണെന്നും പഞ്ചായത്തിന്റെ കയ്യേറ്റം അനുവദിക്കില്ലെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വിശ്വാസി സമൂഹം.
2023ലാണ് പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് കയ്യേറ്റ ശ്രമം ആദ്യമുണ്ടായത്. തുടർന്ന് ഭക്തജനങ്ങൾ ഇടപെട്ട് കയ്യേറ്റം തടഞ്ഞു. ഇതിനുപിന്നാലെ അന്നത്തെ ക്ഷേത്ര ഭരണസമിതിയുടെ ഒത്താശയോടെ ക്ഷേത്രത്തിന്റെ ഭൂമി വ്യാജ രേഖകൾ ചമച്ച് പഞ്ചായത്ത് സ്വന്തമാക്കിയിരുന്നു. ആസ്തി രജിസ്റ്ററിൽ ചേർത്തിൽ സർക്കാർ ഭൂമിയാണെന്ന് വരുത്തിതീർത്തു. എന്നാൽ ഭൂമിയുടെ ഉടമസ്ഥാവകാശം അടക്കമുള്ള രേഖകൾ ഹാജരാക്കാൻ പഞ്ചായത്തിന് കഴിഞ്ഞിരുന്നില്ല.
പിന്നീട് ഭക്തർ നടത്തിയ അന്വേഷണത്തിൽ കോഴിക്കോട്ടെ ആർക്കൈവിൽ നിന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട ചില രേഖകൾ ലഭിച്ചു. സ്ഥലം ഓർക്കാട്ടേരി ഗണപതി ക്ഷേത്രത്തിന്റെ ഭൂമിയാണെന്ന് കണ്ടെത്തുകയും ചെയ്തു.
നിലവിൽ ഏതു വിധേനയും ക്ഷേത്രഭൂമി കയ്യേറാനുള്ള ശ്രമമാണ് പഞ്ചായത്തിന്റ ഭാഗത്തുനിന്ന് നടക്കുന്നത്. പഞ്ചായത്തിന് കീഴിൽ മറ്റ് അനവധി സ്ഥലങ്ങൾ ഒഴിഞ്ഞു കിടക്കുന്നുണ്ടെങ്കിലും ക്ഷേത്രഭൂമിയിൽ തന്നെ ശൗചാലയം നിർമിക്കണമെന്ന വാശിക്ക് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്ന് ഭക്തജനങ്ങൾ ആരോപിക്കുന്നു.