പെട്രോൾ പമ്പ് തുടങ്ങാൻ വേണ്ട 2 കോടി പ്രശാന്തൻ എങ്ങനെ സംഘടിപ്പിച്ചു? കള്ളപ്പണം വെളുപ്പിക്കൽ സാധ്യത പരിശോധിച്ച് ഇഡി

Update: 2024-10-21 06:55 GMT

കണ്ണൂർ: കണ്ണൂർ എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട വിവാദ പെട്രോൾ പമ്പിനായി രണ്ട് കോടി രൂപ എങ്ങനെ കണ്ടെത്തിയെന്ന് അന്വേഷിക്കാനൊരുങ്ങി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പമ്പ് തുടങ്ങാൻ പണം കണ്ടെത്തിയത് കള്ളപ്പണം വെളുപ്പിക്കലിലൂടെയാണോ എന്നാണ് ഇഡി പരിശോധിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കലിൽ പി.പി. ദിവ്യ കൂട്ടുനിന്നോ എന്നും അന്വേഷിക്കും. പരിയാരം മെഡിക്കൽ കോളേജിലെ സാധാരണ ജീവനക്കാരനായ പ്രശാന്തന് പണം എങ്ങനെ സമാഹരിക്കാൻ കഴിഞ്ഞു എന്നതിലും അന്വേഷണം ഉണ്ടാകും.കൊച്ചിയിൽ നിന്നുള്ള ഇഡിയുടെ യൂണിറ്റാണ് പ്രാഥമിക പരിശോധന ആരംഭിച്ചത്.

എഡിഎമിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തൻ പരിയാരം മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാരനാണ്. ചെങ്ങളായിയിൽ പള്ളി വക സ്ഥലം 20 വർഷത്തേക്ക് പാട്ടത്തിനെടുത്താണ് പെട്രോൾ പമ്പ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്.

പമ്പിന്‍റെ എൻഒസി അനുമതിക്കായി കണ്ണൂർ എഡിഎമായിരുന്ന നവീൻ ബാബു 98500 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. നവീൻ ബാബു കൈക്കൂലി വാ​ങ്ങിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുമായി പ്രശാന്തൻ രം​ഗത്തെത്തിയിരുന്നു. എന്നാൽ നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി കിട്ടിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ വ്യക്തമാക്കിയത്.

പത്തനംതിട്ടിയിലേക്ക് ട്രാൻസ്ഫർ ലഭിച്ച നവീൻ ബാബുവിന് സഹപ്രവർത്തകരൊരുക്കിയ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെയെത്തിയ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ കൈക്കൂലി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Tags:    

Similar News