വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയെന്ന് കളക്ടറുടെ പേരിൽ വ്യാജ സ്‌ക്രീൻ ഷോട്ട്; സൈബർ സെൽ അന്വേഷണം തുടങ്ങി

റെഡ് അലര്‍ട്ട് ദിവസം വൈകുന്നേരമാണ്, കളക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി വ്യാജ ഫെയ്‌സ്ബുക്ക് സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചത്

Update: 2024-12-07 10:23 GMT

മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി മലപ്പുറം ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഡിസംബര്‍ രണ്ടിന് റെഡ് അലര്‍ട്ട് ദിവസം വൈകുന്നേരമാണ്, തൊട്ടടുത്ത ദിവസം കളക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി വ്യാജ ഫെയ്‌സ്ബുക്ക് സ്‌ക്രീന്‍ ഷോട്ട് തയ്യാറാക്കി പ്രചരിപ്പിച്ചത്. ഔദ്യോഗികമായി കളക്ടറുടെ അവധി പ്രഖ്യാപനം വരുന്നതിന് മുമ്പായിരുന്നു തെറ്റിദ്ധാരണജനകമായ വാര്‍ത്ത പ്രചരിച്ചത്.

കളക്ടറുടെ ഓദ്യോഗിക ഫേസ് ബുക്ക് ഐ ഡിയുടെ സ്ക്രീൻഷോട്ട് എഡിറ്റ്‌ ചെയ്തായിരുന്നു പ്രചാരണം. സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ ഉദ്യോഗസ്ഥർക്ക് രക്ഷിതാക്കളുടെ വിളി വന്നു. ആശയക്കുഴപ്പമായി. അതിനു ശേഷമാണ് ശരിക്കുള്ള അവധി പ്രഖ്യാപനം വന്നത്. ഇതിനെതിരെ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. സമൂഹത്തില്‍ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിക്കുന്നതും ഔദ്യോഗിക കൃത്യനിര്‍വഹണത്തെ തടസ്സപ്പെടുത്തുന്നതുമായ വ്യാജ സന്ദേശം സൃഷ്ടിച്ചവര്‍ക്കെതിരെ ഐ ടി ആക്ട് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പ്രകാരം നടപടിയെടുക്കാനാണ് കളക്ടര്‍ കത്ത് നല്‍കിയത്.

Tags:    

Similar News