സെവനപ്പില്‍ മദ്യം ഒഴിച്ചുനല്‍കി മയക്കി; ശേഷം കളിത്തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി; പെരിന്തല്‍മണ്ണയിലെ അല്‍ശിഫ ആശുപത്രി ജീവനക്കാരിയെ പീഡിപ്പിച്ച പ്രതിക്ക് 12 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ
മലപ്പുറം: സെവനപ്പില്‍ മദ്യം ഒഴിച്ചുനല്‍കി മയക്കിയ ശേഷം ഒറിജിനലിനെ വെല്ലുന്ന കളിത്തോക്കുപയോഗിച്ചു ഭീഷണിപ്പെടുത്തി. പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയിലെ കീഴ് ജീവനക്കാരിയെ പീഡിപ്പിച്ച പ്രതിക്ക് 12 വര്‍ഷം കഠിനതടവും പിഴയും വിധിച്ചു കോടതി. കേസില്‍ നടന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. 2021ല്‍ പെരിന്തല്‍മണ്ണ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടക്കത്തില്‍ പരാതി വ്യാജമാണെന്ന രീതിയില്‍വരെ പ്രചരണം നടന്നിരുന്നു. എന്നാല്‍ പിന്നീട് നടന്ന കേസിന്റെ നാള്‍വഴികളിയാണു ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ പുറത്തുന്നത്.
പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയില്‍ കൂടെ ജോലിചെയ്തിരുന്ന കീഴ്ജീവനക്കാരിയെ താമസസഥലത്തെത്തിച്ച് സെവനപ്പില്‍ മദ്യം കലര്‍ത്തി നല്‍കുകയും തോക്കാണെന്നു പറഞ്ഞു കളിത്തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ലൈംഗീകാതിക്രമത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 12 വര്‍ഷം കഠിനതടവും 1,05,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പെരിന്തല്‍മണ്ണ പരിയാപുരം പണിക്കരുകാട് പറങ്കമൂട്ടില്‍ ജോണ്‍ പി. ജേക്കബി(42)നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്.
2021ല്‍ പെരിന്തല്‍മണ്ണ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. അല്‍ശിഫ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന പ്രതി യുവതിയെ സത്ക്കാരം നടക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ച് പ്രതിയുടെ താമസ സ്ഥലത്തേക്ക് കൊണ്ടുപോകുകയും ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി ലൈംഗീകാതിക്രമത്തിന ഇരയാക്കിയെന്നായിരുന്നു കേസ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷയില്‍ പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷവും രണ്ടുമാസവും അധിക കഠിനതടവും അനുഭവിക്കണം. പിഴ അടച്ചാല്‍ സംഖ്യ അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി.
പ്രതിയെ സംഭവത്തിനു ആശുപത്രിയില്‍നിന്നും പുറത്താക്കിയിരുന്നു.സംഭവം നടക്കുന്നതിന്റെ ഒന്നര മാസം മുമ്പു മാത്രം ജോലിയില്‍ പ്രവേശിച്ച യുവതിയെയാണു ഇത്തരത്തില്‍ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിനു ശേഷം യുവതി ഹോസ്പിറ്റലില്‍ പോയിരുന്നില്ല. പിന്നീട് ഏറെ നാളുകള്‍ക്കു ശേഷം കേസിന്റെ വിചാരണ നടന്നു തുടങ്ങിയതോടെയാണു യുവതി മറ്റൊരു സ്ഥാപനത്തില്‍ ജോലിക്കു പ്രവേശിച്ചത്.
ഏറെ നാടകീയമായ കേസായിരുന്നു ഇത്. നേരത്തെ ആശുപത്രി ജീവനക്കാര്‍ യാത്രപോകാനെന്നു പറഞ്ഞു പ്ലാന്‍ ചെയ്യുകയും പിന്നീട് യാത്ര മാറ്റിവെച്ചു പ്രതിയുടെ താമസ സ്ഥലത്തു പാര്‍ട്ടിവെക്കുകയായിരുന്നുവെന്നുമായിരുന്നു സഹപ്രവര്‍ത്തകരില്‍ ചിലര്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ കേസിന്റെ ഓരോ ഘട്ടങ്ങളും വിശദമായി പരിശോധിച്ചപ്പോഴാണു ഇതിന്റെ യഥാര്‍ഥ്യം മനസ്സിലായത്.
തോക്കാണെന്നു പറഞ്ഞു ചൂണ്ടിക്കാട്ടിയ വസ്തു പരിശോധനക്കയച്ചപ്പോഴാണു ഇത് യഥാര്‍ഥ തോക്കല്ലെന്നു മനസ്സിലായത്. പിന്നീട് യുവതിയെ മെഡിക്കല്‍ പരിശോധന നടത്തിയും മറ്റു രേഖകളും പരിശോധിച്ചാണു കുറ്റകത്യം വ്യക്തമായാത്. നേരത്തെ പ്രതിയുടെ സുഹൃത്തും കേസില്‍ പ്രതിയായിരുന്നെങ്കിലും പിന്നീട് നടന്ന അന്വേഷണത്തില്‍ കുറ്റക്കാരനെല്ലന്നു വ്യക്തമാകുകയായിരുന്നു. പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്പെക്ടറായിരുന്ന സുനില്‍ പുളിക്കല്‍, സബ് ഇന്‍സ്പെക്ടര്‍ സി.കെ. നൗഷാദ് എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി. പരമേശ്വരത്ത് ഹാജരായി. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലേക്ക് അയച്ചു.