വികസിത ഇന്ത്യയ്‌ക്കും ജനങ്ങള്‍ക്കും ശ്രീരാമന്‍റെ ജീവിതം പ്രചോദനമാകും'; അയോധ്യയിലെ ദീപാവലി ആഘോഷത്തില്‍ ആശംസകളുമായി മോദി

Update: 2024-10-31 04:56 GMT

ന്യൂഡല്‍ഹി: രാമഭക്തരുടെ എണ്ണമറ്റ ത്യാഗങ്ങളും തപസും കൊണ്ട് 500 വർഷങ്ങൾക്ക് ശേഷം വന്ന ശുഭമുഹൂർത്തമാണ് അയോധ്യ ക്ഷേത്രത്തിലെ ശ്രീരാമന്‍റെ പ്രതിഷ്‌ഠാ ചടങ്ങിന് ശേഷമുള്ള ആദ്യ ദീപാവലിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രത്തിലെ ദീപാവലി ആഘോഷത്തെ കുറിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയ പോസ്‌റ്റില്‍ മോദി പങ്കുവെച്ചു.

'ദിവ്യമായ അയോധ്യ! പുണ്യത്തിന്‍റെ പ്രതിരൂപമായ ഭഗവാൻ ശ്രീരാമന്‍റെ മഹത്തായ ക്ഷേത്രത്തിലെ പ്രതിഷ്‌ഠാ ചടങ്ങിന് ശേഷമുള്ള ആദ്യ ദീപാവലിയാണിത്. അയോധ്യയിലെ ശ്രീരാമലല്ലയുടെ ക്ഷേത്രത്തിന്‍റെ അതുല്യമായ സൗന്ദര്യം എല്ലാവരേയും കീഴടക്കാൻ പോകുന്നു,' എന്ന് പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു.

500 വർഷങ്ങൾക്ക് ശേഷം രാമഭക്തരുടെ എണ്ണമറ്റ ത്യാഗങ്ങളാലും തപസുകളാലും ഈ ശുഭമുഹൂർത്തം വന്നിരിക്കുന്നു. ഈ ചരിത്ര സന്ദർഭത്തിന് നാമെല്ലാവരും സാക്ഷികളാകാൻ കഴിഞ്ഞത് നമ്മുടെ ഭാഗ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വികസിത ഇന്ത്യയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ശ്രീരാമന്‍റെ ജീവിതവും അദ്ദേഹത്തിന്‍റെ ആദർശങ്ങളും രാജ്യത്തെ ജനങ്ങൾക്ക് പ്രചോദനമായി തുടരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മോദി പറഞ്ഞു.

ദീപാവലി ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകൾ. ഈ ദിവ്യ പ്രകാശോത്സവത്തിൽ, എല്ലാവർക്കും ആരോഗ്യവും സന്തോഷവും സമൃദ്ധവുമായ ജീവിതം നേരുന്നു. മഹാലക്ഷ്‌മിയുടെയും ശ്രീ ഗണപതിയുടെയും അനുഗ്രഹത്താൽ എല്ലാവർക്കും അഭിവൃദ്ധി ഉണ്ടാകട്ടെയെന്നും അദ്ദേഹം ഹിന്ദിയിൽ പോസ്‌റ്റില്‍ കുറിച്ചു.

500 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ശ്രീരാമൻ ആദ്യമായി അയോധ്യയിലെ രാമക്ഷേത്രത്തില്‍ ദീപാവലി ആഘോഷിക്കുന്നത് ഈ വർഷമാണെന്നും ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന ദീപാവലിയാണെന്നും മോദി പറഞ്ഞിരുന്നു.

500 വർഷങ്ങൾക്ക് ശേഷം ശ്രീരാമൻ അയോധ്യയിലെ തന്‍റെ മഹത്തായ ക്ഷേത്രത്തിൽ ഇരിക്കുന്നു. അദ്ദേഹത്തിന്‍റെ മഹത്തായ ക്ഷേത്രത്തിൽ അദ്ദേഹത്തോടൊപ്പം ആഘോഷിക്കുന്ന ആദ്യത്തെ ദീപാവലി ആകട്ടെ, ഇത്തരമൊരു സവിശേഷവും മഹത്തായതുമായ ദീപാവലിക്ക് സാക്ഷ്യം വഹിക്കാൻ തങ്ങൾ എല്ലാവരും ഭാഗ്യവാന്മാരാണെന്നും പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ആശംസിച്ചു. അയോധ്യയിലെ ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങളും മോദി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

അത്ഭുതകരവും സമാനതകളില്ലാത്തതും സങ്കൽപ്പിക്കാനാവാത്തതും മഹത്തായതും ദിവ്യവുമായ ദീപോത്സവത്തിന് അയോധ്യയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങള്‍. ദശലക്ഷക്കണക്കിന് ദീപങ്ങളാല്‍ പ്രകാശിതമായ രാം ലല്ലയുടെ വിശുദ്ധ ജന്മസ്ഥലത്ത് നടക്കുന്ന ഈ 'ജ്യോതിപർവ്വം' എല്ലാവരെയും വികാരഭരിതരാക്കുമെന്നും മോദി വ്യക്തമാക്കി.

അയോധ്യയിൽ നിന്നുള്ള ഈ പ്രകാശം രാജ്യത്തുടനീളമുള്ള തൻ്റെ കുടുംബാംഗങ്ങളിൽ പുതിയ ആവേശവും പുതിയ ഊർജ്ജവും നിറയ്ക്കും. ഭഗവാൻ ശ്രീരാമൻ രാജ്യത്തെ എല്ലാ ജനങ്ങളെയും സന്തോഷവും സമൃദ്ധിയും ജീവിതവിജയവും നൽകി അനുഗ്രഹിക്കട്ടെയെന്ന് താൻ ആശംസിക്കുന്നുവെന്നും മോദി കുറിച്ചു.

Tags:    

Similar News