നാട്ടുകാര്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെടുന്ന വണ്ടൂരിലെ ബീവറേജ് ഔട്ട്ലെറ്റ് വാണിയമ്പലം പാറയിലെ ക്ഷേത്രത്തിന് സമീപത്തേക്ക്മാറ്റണമെന്ന പി.വി. അന്‍വര്‍ എംഎല്‍എയുടെ പ്രസ്താവന വിവാദമാകുന്നു

Update: 2024-10-15 04:35 GMT

മലപ്പുറം: നാട്ടുകാര്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വണ്ടൂര്‍ വാണിയമ്പലം അത്താണിക്കലിലെ ബീവറേജ് ഔട്ട്ലെറ്റ് വാണിയമ്പലം പാറയിലേക്ക് മാറ്റണമെന്ന പി.വി. അന്‍വര്‍ എംഎല്‍എയുടെ പ്രസ്താവന വിവാദമാകുന്നു. വാണിയമ്പലം പാറയും പാറയ്ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന പുരാതന ത്രിപുരസുന്ദരി ദേവി ക്ഷേത്രത്തെയും പി.വി.അന്‍വര്‍ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ക്ഷേത്ര സംരക്ഷണ സമിതി രംഗത്തെത്തി.

എംഎല്‍എ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നാണ് ക്ഷേത്ര സംരക്ഷണ സമിതിയുടെ ആവശ്യം. ജനവാസ മേഖലയിലെ ബീവറേജ് ഔട്ട്ലെറ്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിലുള്ള കുത്തിയിരിപ്പ് സമരം 50 ദിവസം പിന്നിട്ടിരിക്കുകയാണ്. അമ്പതാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യാനാണ് പി.വി. അന്‍വര്‍ എത്തിയത്. ഉദ്ഘാടന പ്രസംഗത്തിനുശേഷം എംഎല്‍എ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നിനിടെയാണ് ഈ പരാമര്‍ശം നടത്തിയത്.

ക്ഷേത്രത്തെ എംഎല്‍എ അധിക്ഷേപിച്ചതായും മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസ്താവന ഇറക്കുകയും ചെയ്തത് പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് ഭാരവാഹികള്‍ വണ്ടൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്‍വര്‍ ഹൈന്ദവ സമൂഹത്തോട് മാപ്പുപറയണം. ക്ഷേത്ര വിശ്വാസത്തെ തികിടം മറിക്കുന്ന പ്രസ്താവന ബോധപൂര്‍വം ചെയ്തതാണെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെട്ടു. മാപ്പു പറഞ്ഞില്ലെങ്കില്‍ ഭാവി പരിപാടികള്‍ ആലോചിച്ചു തീരുമാനിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡന്റ് കെ. അരുണ്‍, സെക്രട്ടറി പി. പ്രഭീഷ്, ദേവസ്വം സെക്രട്ടറി കെ. സുനില്‍ ബോസ്, ഗിരീഷ് പൈക്കാടന്‍, എന്‍. ശിവന്‍, സംസ്ഥാന സമിതി അംഗം എം. കൃഷ്ണ പ്രഗീഷ്, എം.പി. ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News