കുറയുന്ന ലക്ഷണമില്ല: ഇന്ധന വില വീണ്ടും ഉയര്‍ന്നു

കുറയുന്ന ലക്ഷണമില്ല: ഇന്ധന വില വീണ്ടും ഉയര്‍ന്നു

April 24, 2018 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍-ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ്. പെട്രോളിന് 14 പൈസയും ഡീസലിന് 20 പൈസയുമാണ് കൂടിയത്. ആഗോള വിപണിയില്‍ വില വര്‍ധിക്കുന്നതാണ് ആഭ്യന്തര വിപണിയിലും വിലവര്‍ധനവിന് ഇടയാക്കുന്നതെന്നാണ് സൂചന. ഒരു മാസത്തിനിടെ പെട്രോളിന് 2.46 രൂപയും ഡീസലിന് 3.27 രൂപയും വര്‍ധിച്ചു. ഏപ്രില്‍ ഒന്നിന് ഡിസലിന് 70.08 ഉം പെട്രോളിന് 77.67 രൂപയുമാണ് ഉണ്ടായിരുന്നത്.

തിരുവനന്തപുരത്ത് പെട്രോള്‍ വില 78.61 രൂപയും ഡീസലിന് 71.52 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 77.39 രൂപയും ഡീസലിന് 70.38 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 77.65 രൂപയും ഡീസലിന് 70.64 രൂപയുമാണ് ഇന്നത്തെ വില. കേരളത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

2014 ഏപ്രിലില്‍ ക്രൂഡോയില്‍ വില ലിറ്ററിന് 40.11 രൂപ ആയിരുന്നപ്പോള്‍ പെട്രോളിന് 75.91 രൂപയും ഡീസലിന് 59.56 രൂപയും ആയിരുന്നു തിരുവനന്തപുരത്തെ വില. 2018 ഏപ്രിലില്‍ ക്രൂഡോയില്‍ വില 26.07 ആയി കുറഞ്ഞു. അപ്പോള്‍ പെട്രോളിന് 77. 93 രൂപയും ഡീസലിന് 70.40 രൂപയുമായി. തിരുവനന്തപുരത്ത് ഇന്നലെ ഡീസല്‍ വില ലിറ്ററിന് 71.33 രൂപയായിരുന്നു. പെട്രോളിന് 78.47 രൂപയും. രണ്ടും തമ്മിലുള്ള അന്തരം 7.14 രൂപ മാത്രം.

എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലൂടെ ഡീസല്‍ വിലക്കയറ്റം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ ജനജീവിതം കൂടുതല്‍ ദുരിതത്തിലാകും. ചരക്കു കടത്തിനും വ്യാവസായിക ആവശ്യങ്ങള്‍ക്കും ഡീസല്‍ ഉപയോഗിക്കുന്നതിനാല്‍ ആ മേഖലകളാണ് വിലക്കയറ്റത്തിന്റെ ആദ്യ ഇരകള്‍. ഡീസല്‍ വിലക്കയറ്റത്തിന്റെ മറവില്‍ കടത്തുകൂലി ഉള്‍പ്പെടെ വര്‍ധിപ്പിച്ചു തുടങ്ങി.

എണ്ണക്കമ്പനികള്‍ക്ക് വില നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവകാശം നല്‍കിയതും 2014ഒക്ടോബറിന് ശേഷം എക്‌സൈസ് നികുതി ഒമ്പതു തവണ കേന്ദ്രം വര്‍ധിപ്പിച്ചതുമാണ് ഇന്ധനവില കുതിച്ചുയരാന്‍ കാരണം. ഒമ്പതു മാസത്തിനിടെ 12 രൂപയാണ് കേരളത്തില്‍ ഡീസലിന് വര്‍ധിച്ചത്.