കേരളം പുനര്‍നിര്‍മിക്കുന്നതിന് പണം സമാഹരിക്കുന്നതിനിടയില്‍ ഇത്രയും വലിയൊരു തുക സ്വീകരിക്കുന്നത് അനീതിയാകും: നമ്പി നാരായണന്‍

കേരളം പുനര്‍നിര്‍മിക്കുന്നതിന് പണം സമാഹരിക്കുന്നതിനിടയില്‍ ഇത്രയും വലിയൊരു തുക സ്വീകരിക്കുന്നത് അനീതിയാകും: നമ്പി നാരായണന്‍

September 15, 2018 0 By Editor

തിരുവനന്തപുരം: ചാരക്കേസില്‍ പ്രതിയാക്കി പോലീസ് പീഡിപ്പിച്ചതിനു നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ കൊടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ച അമ്ബതു ലക്ഷം രൂപ സ്വീകരിക്കേണ്ടെന്ന് നമ്ബി നാരായണന്‍ തീരുമാനിച്ചേക്കും. മഹാപ്രളയത്തിനു ശേഷം കേരളം പുനര്‍നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ പലവഴിക്കു പണം സമാഹരിക്കുന്നതിനിടയില്‍ ഖജനാവില്‍ നിന്ന് ഇത്രയും വലിയൊരു തുക താന്‍ സ്വീകരിക്കുന്നത് അനീതിയാകുമെന്ന ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചതായാണ് സൂചന.

എന്നാല്‍ തനിക്കു നേരിട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു രാജ്യത്തെ പരമോന്നത കോടതി നിര്‍ദേശിച്ച നഷ്ടപരിഹാരം എന്ന നിലയില്‍ പണം സ്വീകരിക്കുകയും നാമമാത്ര തുക മാത്രം എടുത്തിട്ട് ബാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ആലോചിക്കുന്നതായും വിവരമുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നടന്ന ചാരക്കേസിന്റെയും അറസ്റ്റിന്റെയും പീഡനത്തിന്റെയും പേരില്‍ കാല്‍നൂറ്റാണ്ടിനു ശേഷം എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ പൊതുപണം ചെലവഴിക്കേണ്ടി വരുന്നതിനു താനായിട്ടു കാരണക്കാരനാകാന്‍ പാടില്ല എന്നാണത്ര നമ്ബി നാരായണന്‍ ആലോചിക്കുന്നത്.

ആരോപണ വിധേയരായ മുന്‍ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാരത്തുക ഈടാക്കും എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പിന്നീട് സുപ്രീംകോടതി വിധിയുടെ പൂര്‍ണരൂപം പുറത്തുവന്നപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത് എന്ന് വ്യക്തമായത്. അതോടെതന്നെ നമ്ബി നാരായണന്‍ പണം സ്വീകരിക്കുന്നതിന്റെ സംഗത്യത്തേക്കുറിച്ച് അടുപ്പമുള്ളവരുമായി ആലോചിച്ചിരുന്നുവെന്നാണ് അറിയുന്നത്.

തന്റെ നാട് മഹാപ്രളയത്തില്‍ മുങ്ങിയതിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സംഭാവനയാണ് കാല്‍നൂറ്റാണ്ടോളം പൊരുതി നേടിയ ഈ നഷ്ടപരിഹാരത്തുക എന്നാണത്രേ നിലപാട്. അതേസമയം, നിയമപോരാട്ടം അവസാനിപ്പിച്ചു എന്ന് പറഞ്ഞെങ്കിലും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ കോടതിയില്‍ നല്‍കിയിരുന്ന കേസ് പിന്‍വലിക്കുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.