സോഷ്യല്‍ മീഡിയ അഡിക്ഷന്‍ പൈലറ്റുമാര്‍ക്കും; ബി.എസ്.ധനോവ

September 15, 2018 0 By Editor

ബെംഗളൂരു: രാജ്യത്തെ ഒരു യുദ്ധവിമാന അപകടത്തിനു കാരണം പൈലറ്റിന്റെ സമൂഹമാധ്യമ ഉപയോഗമാണെന്നു വ്യോമസേനാ മേധാവി ബി.എസ്.ധനോവ വെളിപ്പെടുത്തി. ഉപകാരത്തിനൊപ്പം ഉപദ്രവത്തിന്റെയും നിരവധി ഉദാഹരണങ്ങളാണു സമൂഹമാധ്യമങ്ങള്‍ക്കുള്ളത്.

‘അര്‍ധരാത്രിയില്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ മണിക്കൂറുകളാണു എല്ലാവരും ചെലവഴിക്കുന്നത്. രാവിലെ ആറു മണിക്കാണു മിക്കവാറും ഫ്‌ലൈറ്റ് ബ്രീഫിങ് നടക്കാറുള്ളത്. ഈ സമയത്ത് പൈലറ്റുമാരില്‍ പലരും ആവശ്യത്തിന് ഉറങ്ങാതെയാണു എത്താറുള്ളത്. 2013ല്‍ രാജസ്ഥാനിലെ ബാര്‍മറിലുണ്ടായ യുദ്ധവിമാന അപകടത്തിനു കാരണം പൈലറ്റിനു തുടര്‍ച്ചയായുണ്ടായ ഉറക്കക്കുറവായിരുന്നു’– ബി.എസ്.ധനോവ പറഞ്ഞു.

ബെംഗളൂരുവില്‍ ഇന്ത്യന്‍ സൊസൈറ്റി ഓഫ് എയ്‌റോസ്‌പേസ് മെഡിസിന്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം സേന നേരിടുന്ന വലിയ വെല്ലുവിളിയാണ്. പ്രശ്‌നം പരിഹിക്കുന്നതിനും പൈലറ്റുമാര്‍ക്ക് ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും എന്തുചെയ്യാനാവുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയ്‌റോസ്‌പേസ് മെഡിസിന്‍ ആലോചിക്കണമെന്നും വ്യോമസേനാ മേധാവി ആവശ്യപ്പെട്ടു.

‘നേരത്തേ ഒരു പൈലറ്റ് ആവശ്യത്തിലധികം മദ്യപിച്ചിരുന്നെങ്കില്‍ കണ്ടെത്താനും അറിയാനും മാര്‍ഗങ്ങളുണ്ടായിരുന്നു. മറ്റുള്ളവര്‍ പൈലറ്റിനെ ശ്രദ്ധിക്കുമായിരുന്നു. ഇന്നു നമുക്ക് ബ്രെത്ത് അനലൈസര്‍ പോലുമില്ലാത്ത സ്ഥിതിയാണ്..’– സമൂഹമാധ്യമങ്ങളുടെ ദുഃസ്വാധീനത്തെ ഉദ്ദേശിച്ച് ധനോവ ചൂണ്ടിക്കാട്ടി. 2013 ജൂണില്‍ മിഗ്–21 യുദ്ധവിമാനമാണു രാജസ്ഥാനില്‍ അപകടത്തില്‍പ്പെട്ടത്. രാവിലെ ഒന്‍പതോടെ ബാര്‍മര്‍ ജില്ലയിലെ സോദിയാറിലാണു വിമാനം തകര്‍ന്നത്. പൈലറ്റ് വലിയ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.