ആത്മഹത്യാനിരക്ക് ഇന്ത്യയില്‍ കൂടുതല്‍

September 17, 2018 0 By Editor

തൃശൂര്‍: ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനറല്‍ മെഡിസിന്‍ ജേണലായ ‘ലാന്‍സെറ്റ് ഫൗണ്ടേഷന്‍’ നടത്തിയ പഠനത്തില്‍ ആത്മഹത്യ നിരക്ക് ഇന്ത്യല്‍ കൂടുതലാണെന്ന് കണ്ടെത്തി. രാജ്യത്തെ യുവാക്കള്‍, സ്ത്രീകള്‍, പ്രായമായവര്‍ എന്നിവര്‍ക്കിടക്ക് ആത്മഹത്യയും അതിനുള്ള പ്രവണതയും അതിവേഗം കൂടുകയാണ്. സാമ്പത്തിക, സാമൂഹിക അസമത്വമാണ് പൊതുവായ കാരണങ്ങളെങ്കിലും തൊഴിലില്ലായ്മ, ചെറുപ്രായത്തിലുള്ള വിവാഹം, മദ്യം, കുടുംബ കലഹം എന്നിവയാണ് ആത്മഹത്യക്ക് പ്രേരകമാവുന്നത്. കുടുംബത്തിന് ഭാരമാവുമെന്ന തോന്നല്‍, ഒറ്റപ്പെടല്‍, വിഷാദം, പ്രായാധിക്യം മൂലമുള്ള ശാരീരികാവശത തുടങ്ങിയവയാണ് ആത്മഹത്യയ്ക്ക് കാരണമായി പറയുന്നത്

1990-2016 കാലത്തെ ഇന്ത്യന്‍ സാഹചര്യവും ആഗോള താരതമ്യവും അതിനു ശേഷമുള്ള പ്രവണതകളുമാണ് പഠന വിധേയമാക്കിയത്. 2014ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ദേശീയ മാനസികാരോഗ്യ നയം പ്രായോഗിക തലത്തില്‍ പരാജയമാണെന്നും ഈ സമീപനം തുടര്‍ന്നാല്‍ 2030ഓടെ ആത്മഹത്യ ഇല്ലാതാക്കുകയെന്ന ലക്ഷ്യം 10 ശതമാനം പോലും കൈവരിക്കാനാവില്ലെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. സെപ്റ്റംബര്‍ 11ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ പരിഗണനക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

1990നെ അപേക്ഷിച്ച് 2016ല്‍ രാജ്യത്ത് ആത്മഹത്യ 40.1 ശതമാനം വര്‍ധിച്ചു. ആഗോളതലത്തില്‍ 2016ല്‍ 8.17 ലക്ഷം ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 2.3 ലക്ഷം ഇന്ത്യയില്‍നിന്നാണ്. 1990-2016 കാലയളവില്‍ സ്ത്രീ ആത്മഹത്യ 25.3 എന്നത് 36.6 ശതമാനമായും പുരുഷ ആത്മഹത്യ 18.7 ല്‍നിന്ന് 24 .3 ശതമാനമായും ഉയര്‍ന്നു.

രാജ്യത്ത് സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഒമ്പതാമത്തെ കാരണമാണ് ആത്മഹത്യ. എന്നാല്‍, 15-29, 15-39 പ്രായ ഗ്രൂപ്പില്‍ ഒന്നാമത്തേതാണ്. പുരുഷ ആത്മഹത്യ ആഗോള ശരാശരിക്കു മുകളിലാണ്. 2016ല്‍ സ്ത്രീ ആത്മഹത്യയില്‍ മുന്നില്‍ തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, കര്‍ണാടക, പശ്ചിമ ബംഗാള്‍, ത്രിപുര എന്നിവയും പുരുഷ ആത്മഹത്യയില്‍ ഈ ആറ് സംസ്ഥാനങ്ങള്‍ക്കു പുറമെ കേരളം, ഛത്തിസ്ഗഢ് എന്നിവയുമാണ് മുന്നില്‍. സ്ത്രീകളില്‍ വിവാഹിതരായവരിലാണ് ആത്മഹത്യ ഏറെ.