ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരെയുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

September 26, 2018 0 By Editor

ന്യൂഡല്‍ഹി: ജസ്റ്റീസ് രഞ്ജന്‍ ഗോഗോയിയെ ചീഫ് ജസ്റ്റീസായി നിയമിക്കുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി തള്ളിയത്. ഇതോടെ ഒക്ടോബര്‍ മൂന്നിന് കാലാവധി തീരുന്ന ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്ക് പിന്‍ഗാമിയായി ജസ്റ്റീസ് രഞ്ജന്‍ ഗോയായി എത്തുമെന്ന കാര്യം ഉറപ്പായി.

സുപ്രീംകോടതി നടപടികള്‍ക്കെതിരേയും ചീഫ് ജസ്റ്റീസിനെതിരേയും ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് ഉള്‍പ്പടെയുള്ളവര്‍ പരസ്യ നിലപാട് എടുത്തത് ജുഡീഷ്യറിക്ക് കളങ്കമുണ്ടാക്കിയെന്നും അതിനാല്‍ ചീഫ് ജസ്റ്റീസ് പദവി അദ്ദേഹത്തിന് നല്‍കരുതെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ആര്‍.പി.ലുത്രയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റീസിന് പുറമേ ജസ്റ്റീസുമാരായ എ.എന്‍.ഖാന്‍വില്‍കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അടിസ്ഥാനമില്ലാത്ത ഹര്‍ജി എന്ന നിരീക്ഷണത്തോടെ ഹര്‍ജി കോടതി തള്ളുകയായിരുന്നു.