എസ് ഡിപിഐ യുടെ മാര്‍ച്ച്‌ തടയാന്‍ പൊലീസിന്റെ ഗൂഢനീക്കങ്ങളെന്ന് നേതാക്കള്‍

April 29, 2018 0 By Editor

കോഴിക്കോട്: കശ്മീരി പെണ്‍കുട്ടിയുടെ പൈശാചികമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ എസ്ഡിപിഐ കോഴിക്കോട് നടത്താന്‍ നിശ്ചയിച്ചിരുന്ന ബഹുജനറാലി മുടക്കാന്‍ പൊലീസ് അന്യായമായ തടസങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ഭാരവാഹികള്‍. നേരത്തെ ഏപ്രില്‍ 19നായിരുന്നു റാലി പ്രഖ്യാപിച്ചത്. ഇത് മുടക്കാന്‍ കമ്മിഷണര്‍ നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചുവെന്നും പിന്നീട് സിറ്റി അസിസ്റ്റന്റ് കമ്മീഷണറുടെ അനുവാദത്തോടെ റാലി ഏപ്രില്‍ 30ലേക്കു മാറ്റി. അന്നേദിവസം തന്നെ പെര്‍മിഷന് നിയമ പ്രകാരമുള്ള അപേക്ഷ നല്‍കുകയും ചെയ്തു.എന്നാല്‍ ഇപ്പോൾ പരിപാടി നടത്തുന്നതിന് പ്രസംഗകര്‍ ഓരോരുത്തരും പ്രസംഗിക്കുന്നതെന്തൊക്കെയാണെന്ന് വിശദമായി എഴുതിത്തരണമെന്നാണ് പോലീസ് പറയുന്നതെന്നും ഇത് അന്യായമാണെന്നുമാണ് എസ്ഡിപിഐ നേതാക്കൾ പറയുന്നത്.ഹര്‍ത്താലിന്റെ മറവിലുള്ള പോലീസ് വേട്ടക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നതിനുമെതിരെ ഏപ്രില്‍ 30ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് ഒഴികെയുള്ള മുഴുവന്‍ എസ്.പി ഓഫീസുകളിലേക്കും പാര്‍ട്ടി പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുല്‍ മജീദ് ഫൈസി,ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി എന്നിവർ പങ്കെടുത്തു