തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ പുനർജ്ജനി നൂഴൽ ഭക്തി സാന്ദ്രമായി നടന്നു

തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ പുനർജ്ജനി നൂഴൽ ഭക്തി സാന്ദ്രമായി നടന്നു

November 19, 2018 0 By Editor

വടക്കാഞ്ചേരി: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ പുനർജ്ജനി നൂഴൽ ഭക്തി സാന്ദ്രമായി.
പുലർച്ചെ മുതൽ നൂഴൽ ആരംഭിച്ചു.നൂഴൽ ചടങ്ങിനായി ഭക്തർ ഞായറാഴ്ച്ച രാത്രിയോടെ തന്നെ വില്വമലയിൽ എത്തിയിരുന്നു. ക്ഷേത്രത്തിൽ നിന്നും മൂന്ന് കിലോമീറ്ററോളം കിഴക്ക് മാറിയാണ് പുനർജ്ജനി ഗുഹ സ്ഥിതി ചെയ്യുന്നത്.മലയിലെ ഒരു പാറയിടുക്കിലൂടെ നൂറ് മീറ്ററോളം നീളമുള്ള ഒരു പ്രകൃതിദത്ത തുരങ്കമാണ് പുനർജ്ജനി ഗുഹ.ഈ തുരങ്കത്തിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേയ്ക്ക് നൂഴൽ നടത്തിയാൽ എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞ് ഒരാൾക്ക് പുനർജ്ജന്മം സംഭവിക്കുന്നു എന്നാണ് വിശ്വാസം.
ശ്രീപരശുരാമൻ 21 പ്രാവശ്യം ലോകം ചുറ്റി കൊന്നൊടുക്കിയ ക്ഷത്രിയരുടെ പ്രേതങ്ങൾക്ക് വീണ്ടും ജന്മമെടുത്ത് പാപനിഗ്രഹം ചെയ്യാൻ പറ്റാത്തതിനാൽ ദേവ്വഗുരു ബൃഹസ്പതിയുടെ ഉപദേശ പ്രകാരം വിശ്വകർമ്മാവ് പണി കഴിച്ചതാണ് ഈ ഗുഹയെന്നാണ് പുരാണം. പുരുഷന്മാർക്കു മാത്രമേ നൂഴൽ നടത്തുവാൻ അനുവാദം ഉള്ളൂ എങ്കിലും സ്ത്രീകളും കുട്ടികളും ഗുഹ സന്ദർശിക്കുവാനായി ആയിരങ്ങൾ വില്വാമലയിലെത്തി. വർഷത്തിൽ ഒരിക്കൽ വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശി നാൾ (ഗുരുവായൂർ ഏകാദശി ദിവസത്തിൽ) ഇവിടെ നൂഴൽ നടക്കുന്നത്.
പുലർച്ചെ നാലിന് ക്ഷേത്രത്തിൽ ശ്രീരാമ ലക്ഷ്മണ സ്വാമിമാരുടെ നടതുറന്ന് നെയ് വിളക്ക് കത്തിച്ച് ക്ഷേത്രശാന്തിയായ ഇളയിടത്ത് മനയ്ക്കൽ കേശവൻ നമ്പൂതിരിയുടെയും ദേവസ്വം മാനേജരുടെയും നേതൃത്വത്തിൽ പുനർജനി ഗുഹാമുഖത്തേക്കുള്ള പ്രത്യേക പൂജകൾക്കായി ശംഖു നാദത്തിന്റെയും കുത്തുവിളക്കിന്റെയും അകമ്പടിയോടെ പുറപ്പെട്ട് ഗണപതി തീർത്ഥം വഴി ഗുഹാമുഖത്തെത്തി. പത്മമിട്ട് പ്രത്യേക പൂജകൾക്കു ശേഷം നെല്ലിക്ക ഉരുട്ടി ആരതി തെളിച്ച ശേഷമാണ് പുനർജനി നൂഴൽ ആരംഭിച്ചത്
മൂന്നു പതിറ്റാണ്ടായി ആദ്യം ഗുഹയിൽ പ്രവേശിക്കുന്ന പാറപ്പുറത്ത് ചന്തുവും, ക്ഷേത്ര ജീവനക്കാരു മാണ് ആദ്യംനൂഴ്ന്നത്. തുടർന്ന് ഭക്തരും. നൂഴലിനു ശേഷം പുനർജനിയിലെ അത്ഭുത പ്രതിഭാസമായ പാപനാശിനി തീർത്ഥം ഭക്തജനങ്ങൾ സേവിച്ചു. പുനർജനിയോടു ചേർന്നു കിടക്കുന്ന കൊമ്പു തീർത്ഥം, കുളമ്പ് തീർത്ഥം, അമ്പു തീർത്ഥം എന്നിവയും അതിവിശിഷ്ടമാണ്.
വില്വാദ്രിനാഥ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും രാവിലെ എട്ടിന് തിരുവില്വാമല ഗോപി, തിരുവില്വാമല ഹരി എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ശീവേലിയും, ലഘുഭക്ഷണ വിതരണവും നടന്നു. വിവിധ സന്നദ്ധ സംഘടനകൾ പുനർജനി പരിസരത്തും വെള്ളവും ലഘുഭക്ഷണവും നൽകി.

റിപ്പോർട്ട് : സിന്ദൂര നായർ