മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ മൂന്നംഗ സംഘത്തെ അറസ്റ്റു ചെയ്തു

November 28, 2018 0 By Editor

വടക്കാഞ്ചേരി: ജില്ലയുടെ വിവിധ ഭാഗങ്ങളിലെ 25 സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ഇരുപതു വയസുകാരൻ ഉൾപ്പടെയുള്ള മൂന്നംഗ സംഘത്തെ വടക്കാഞ്ചേരി പോലീസ് പിടികൂടി. പാങ്ങ് സ്വദേശികളായ രാമനത്ത് ഹനീഫ മകൻ അബുബക്കർ (20), കട്ടാട്ട് വീട്ടിൽ ഭരതൻ മകൻ ഷിതിൻ(24), രായ്മരക്കാർ വീട്ടിൽ അഷ്റഫിൻ്റെ മകൻ മുഹമ്മദ് സാഹിർ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പണം തട്ടാൻ ഉപയോഗിച്ചിരുന്ന മുക്കുപണ്ടങ്ങളിൽ 916 മുദ്ര പതിപ്പിച്ചാണ് പണം തട്ടിയിരുന്നത്.  വാടകക്കെടുത്ത കാറിലാണ് ഇവർ പണയം വെക്കാൻ എത്തിയിരുന്നത്. പത്താം കല്ലിലുള്ള രൂപ ഫൈനാൻസിൽ 4 മുക്കു വളകൾ വച്ച് 80000 രൂപ തട്ടിയ കേസിലെ പരാതിയെതുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് ഇവർ പിടിയിലായത്. വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ: പി.എസ്സ്. സുരേഷ്, സബ് ഇൻസ്പെക്ടർ: കെ.സി.രതീഷ്, എ.എസ്സ് ഐ.മുനി ദാസ് , സീനിയർ സി.പി.ഒ.സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ ഉപയോഗിച്ചിരുന്ന കാറും പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.