
അക്കായി പോഷക മൂലകങ്ങളുടെ അമൂല്യ കലവറ
January 26, 2019ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ പ്രദാനംചെയ്യുന്ന ഒരു ന്യൂജനറേഷന്‍ പഴവര്‍ഗമാണ് അക്കായി. അരിക്കേസി സസ്യകുടുംബാംഗമായ ഈ ഉഷ്ണമേഖലാ വിള കാഴ്ചയില്‍ കവുങ്ങുപോലെയാണ്.’ ധാരാളം പോഷകങ്ങള്‍ പഴത്തിലും ഇതിന്റെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം പൊടിയില്‍ 533.9 കലോറി ഊര്‍ജം അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകള്‍, കാത്സ്യം, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ തുടങ്ങി അനേകം പോഷകമൂലകങ്ങളുടെ അമൂല്യ കലവറയാണ് ഈ ഫലം. എല്‍ ഡി കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ട്യൂമര്‍, കാന്‍സര്‍ എന്നിവ പ്രതിരോധിക്കുന്നതിനും ഇത് സഹായകംതന്നെ. മൂല്യവര്‍ധിത ഉല്‍പ്പന്നമായ അക്കായി ഓയിലിനും വന്‍ ഡിമാന്‍ഡ്തന്നെ.
നല്ല സൂര്യപ്രകാശവും നീര്‍വാര്‍ച്ചയും ജൈവസമ്പന്നവുമായ മണ്ണില്‍ ഈ ചെടി നന്നായി വളരും. രണ്ടടി ആഴം, വീതി, നീളത്തില്‍ കുഴികളെടുത്ത് ചാണകവും, കമ്പോസ്റ്റും, മേല്‍മണ്ണം ചേര്‍ത്ത് കുഴികള്‍ മൂടിയശേഷം തൈ നടാം.’ വിത്തുകള്‍ മുളപ്പിച്ച തൈകളാണ് സാധാരണയായി നടീലിന് ഉപയോഗിക്കുന്നത്. കാറ്റത്ത്ആടി ഉലയാതിരിക്കാന്‍ കമ്പ്‌നാട്ടി ചെടി കെട്ടിവയ്ക്കണം വേനലില്‍ ജലസേചനവും മറ്റ് പരിചരണമുറകളും കൃത്യമായി ചെയ്യണം. നന്നായി പരിപാലിക്കപ്പെട്ടാല്‍ നാലാം വര്‍ഷം കായ്ക്കും. വര്‍ഷം മുഴുവന്‍ കായ്ക്കുമെങ്കിലും മഴക്കാലം വിളവെടുപ്പിന് അനുയോജ്യമല്ല. ജനുവരിമുതല്‍ ജൂണ്‍വരെയും, ആഗസ്്ത് മുതല്‍ ഡിസംബര്‍വരെയും വിളവെടുക്കാം. 25 മീറ്റര്‍വരെ ഉയരത്തിലെത്തുന്ന ഈ പനവര്‍ഗത്തിന്റെ ശാഖകളും ശിഖരങ്ങളും മൂന്നുമീറ്റര്‍വരെ വ്യാപിച്ചുകിടക്കും. കായ്കള്‍ അക്കായി ബെറി എന്ന പേരിലാണ് അറിയപ്പെടുന്നത്. കറുത്ത മുന്തിരിപോലുള്ള കായ്കള്‍ ഒരുകുലയില്‍ 500 മുതല്‍ 800 വരെ എണ്ണം കാണും. പഴങ്ങള്‍ നേരിട്ട് കഴിക്കാം. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ഉണ്ടാക്കാം.