എത്ര കോടികള്‍ വാഗ്ദാനം ചെയ്താലും കേരളത്തിലെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ നിരസിച്ച് പോകില്ല: വമ്പന്‍ ഒാഫറുകളെല്ലാം നിരസിച്ച് സന്ദേശ് ജിംഗാന്‍
കൊച്ചി: ഐ.എസ്.എല്ലില്‍ കൊല്‍ക്കത്തയുടെ വമ്പന്‍ ഓഫര്‍ നിരസിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിംഗാന്‍. അമര്‍ തൊമാര്‍ കൊല്‍ക്കത്ത(എ.ടി.കെ) ജിംഗാന് അഞ്ചു കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്‌നേഹം നിരസിച്ച് മറ്റൊരു ടീമിലേക്ക് ഞാന്‍ പോവാന്‍ ഒരു ശതമാനം പോലും സാധ്യത ഇപ്പോഴില്ലെന്ന് സന്ദേശ് ജിംഗാന്‍ പറഞ്ഞു. ബ്ലാസ്റ്റേഴ്‌സുമായി രണ്ടുവര്‍ഷ കരാര്‍ ശേഷിക്കുന്ന ജിംഗാന് ഒരു കോടി ഇരുപത് ലക്ഷമാണ് നിലവില്‍ ലഭിക്കുന്ന വാര്‍ഷിക പ്രതിഫലം.
ആദ്യ സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സില്‍ കളിക്കുന്ന ഏകതാരമാണ് ജിംഗാന്‍. കേരളത്തിലെ ആരാധകരുടെ പിന്തുണയാണ് ബ്ലാസ്റ്റേഴ്‌സില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതെന്നും ഐ.എസ്.എല്ലിന്റെ തുടക്കം മുതല്‍ തന്റെ ഹൃദയത്തോടൊപ്പം ചേര്‍ത്തുവെക്കുന്ന പേരാണ് ബ്ലാസ്റ്റേഴ്‌സെന്നും ജിംഗാന്‍ പറഞ്ഞു.
'ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്‌നേഹത്തെക്കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല. അവരുടെ സ്‌നേഹത്തിന് മുന്നില്‍ ഞാന്‍ വിനയാന്വിതനാകുന്നു. ഈ സ്‌നേഹം നിരസിച്ച് മറ്റൊരു ടീമിലേക്ക് ഞാന്‍ പോവാന്‍ ഒരു ശതമാനം പോലും സാധ്യത ഇപ്പോഴില്ല, ഇക്കാര്യത്തില്‍ അഭ്യൂഹമുയര്‍ന്നപ്പോഴെ പ്രതികരിക്കാതിരുന്നതിന് ആരാധകരോട് മാപ്പു ചോദിക്കുന്നു' ജിംഗാന്‍ വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ പ്രീയപ്പെട്ട ആരാധകന്‍ മനസ്സുതുറന്നത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ ക്ലബ്ബ് വിട്ടേക്കുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
2014ലും 2016ലും ഫൈനല്‍ കളിച്ച ബ്ലാസ്റ്റേഴ്‌സിന് ഇത്തവണ പ്ലേ ഓഫില്‍പോലും എത്താനായിരുന്നില്ല. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയിലേക്ക് അനസ് എടത്തൊടിക എത്തിയതോടെയാണ് ജിംഗാന്‍ ക്ലബ്ബ് വിട്ടേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.