ഇനിയും പഠിക്കാതെ പോലീസ്: കോഴിക്കോട് കസ്റ്റഡിയിലെടുത്ത യുവാവിന് ക്രൂരമര്‍ദ്ദനം

May 8, 2018 0 By Editor

കോഴിക്കോട്: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ നിന്നും പാഠം പഠിക്കാതെ കേരള പൊലീസ്. അത്തോളിയില്‍ പോലീസ് യുവാവിനെ ലോക്കപ്പിലിട്ട് നഗ്‌നനാക്കി മര്‍ദ്ദിച്ചതായി പരാതി. ബാലുശ്ശേരി സ്വദേശി അനൂപ് ആണ് മര്‍ദ്ദനത്തിന് ഇരയായത്. മര്‍ദ്ദനത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്തോളി പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ രഘുവാണ് മര്‍ദ്ദിച്ചതെന്ന് അനൂപ് പറഞ്ഞു.

വ്യക്തി വൈരാഗ്യമാണ് കസ്റ്റഡിയിലെടുത്തതിന് പിന്നിലെന്നാണ് ആരോപണം. ഒരു കല്യാണവീട്ടില്‍ മദ്യപിച്ചെത്തിയ ചില പൊലീസുകാര്‍ അവിടെയുള്ളവരെ അസഭ്യം പറഞ്ഞതിനെ അനൂപ് അടക്കം ഒരു സംഘം യുവാക്കള്‍ ചോദ്യം ചെയ്തിരുന്നു. ഈ വൈരാഗ്യമാണ് പൊലീസ് അതിക്രമത്തിന് പിന്നിലെന്നാണ് ആരോപണം. വീട്ടിലെത്തിയ പൊലീസ് തന്നെ കുളിമുറിയില്‍നിന്ന് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നെന്നാണ് അനൂപ് പറയുന്നത്. തടയാന്‍ ശ്രമിച്ച ഭാര്യയെയും അമ്മയെയും പൊലീസ് അസഭ്യം പറഞ്ഞു. പൊലീസ് ജീപ്പില്‍ വെച്ചും ക്രൂരമായി മര്‍ദ്ദിച്ചു. ലോക്കപ്പിലെത്തിച്ച് വസ്ത്രം ഊരി നഗ്‌നനാക്കി നിര്‍ത്തി. ചുമരില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദ്ദിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു എന്നും അനൂപ് പറയുന്നു. പിന്നീട് സ്റ്റേഷനില്‍നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയ അനൂപ് സ്റ്റേഷനു മുന്നില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാല്‍ കസ്റ്റഡിയിലെടുത്ത് അനൂപിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും ഒന്നര മണിക്കൂറിനകം ജാമ്യത്തില്‍ വിട്ടുവെന്നുമാണ് പൊലീസ് പറയുന്നത്. വരാപ്പുഴയില്‍ നിരപരാധിയെ ക്രൂരമായി മര്‍ദ്ദിച്ചു കൊന്ന പോലീസിന്റെ പ്രവൃത്തി പ്രതികൂട്ടിലാക്കിയതിനു പിന്നാലെ സംസ്ഥാനത്തു പോലീസിനു നല്ല പെരുമാറ്റചട്ടമുള്‍പ്പെടെ നല്‍കാനുള്ള നടപടികള്‍ എടുക്കുമെന്ന പ്രഖ്യാപനങ്ങള്‍ക്കിടയിലാണ് പോലീസ് വീണ്ടും കാട്ടാളത്തം തുടരുന്നത്. ഇതിനിടെ താമരശ്ശേരിയില്‍ രാത്രി പോലീസ് ജീപ്പിനരികെ വാഹനപകടത്തില്‍പ്പെട്ട് രക്തം വാര്‍ന്ന ബൈക്ക് യാത്രക്കാരനെ പോലീസ് രക്ഷിക്കാന്‍ പോലും തയ്യാറാവാത്തതും പ്രതിഷേധങ്ങള്‍ക്കു ഇടയാക്കിയിട്ടുണ്ട്. പോലീസിന്റെ കണ്‍ മുന്നില്‍ നടന്ന അപകടമായിട്ടും ഒരു പോലീസുകാരനും പരിക്കേറ്റയാളെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഇതു വ്യക്തമായി പതിഞ്ഞിട്ടുമുണ്ട്.