
മലയാളം പഠിക്കുക തന്നെ വേണം: എല്ലാ സ്‌കൂളുകളിലും ഒന്നു മുതല്‍ പത്ത് വരെ മലയാളം നിര്‍ബന്ധമാക്കും
May 9, 2018തിരുവനന്തപുരം: കേരളത്തില്‍ ഇനി മലയാളത്തോട് മുഖം തിരിച്ച് ആര്‍ക്കും മുന്നോട്ട് പോകാന്‍ കഴിയില്ല. ഒന്നാം ക്ലാസ് മുതല്‍ പത്ത് വരെ മലയാളം നിര്‍ബന്ധമാക്കുന്ന നിയമത്തിന്റെ ചട്ടങ്ങള്‍ക്ക് ഇടതു സര്‍ക്കാര്‍ രൂപം നല്‍കി. സ്‌കൂളുകളില്‍ മലയാളത്തോട് വിമുഖത കാട്ടുന്ന പ്രവണത വര്‍ദ്ധിച്ചതോടെയാണ് പുതിയ തീരുമാനം.
2017 ജൂണ്‍ ഒന്നിന് മലയാളഭാഷാ നിയമം ഗവര്‍ണര്‍ അംഗീകരിച്ച് നിലവില്‍ വന്നെങ്കിലും ചട്ടങ്ങളാകാത്തതിനാല്‍ കഴിഞ്ഞ അധ്യയന വര്‍ഷം ഇത് നടപ്പായിരുന്നില്ല. നിയമസഭാ സബ്ജക്ട് കമ്മിറ്റി ചട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കിയതോടെ ജൂണില്‍ തുടങ്ങുന്ന ഈ അധ്യയനവര്‍ഷം മുതല്‍ നിയമം നടപ്പാക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. തുടങ്ങിയ കേന്ദ്ര സിലബസ് സ്‌കൂളുകള്‍, ഭാഷാ ന്യൂനപക്ഷ സ്‌കൂളുകള്‍, ഓറിയന്റല്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളിലടക്കം പത്താം ക്ലാസ് വരെ മലയാളം ഒരു ഭാഷയായി പഠിപ്പിക്കണം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇത് ഉറപ്പാക്കണം.
മലയാളം പഠിപ്പിക്കുന്നുണ്ടോയെന്ന് എല്ലാ വര്‍ഷാരംഭവും പരിശോധനയുണ്ടാകും. വിദ്യാഭ്യാസ ഓഫീസര്‍മാരും സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ മലയാളം അധ്യാപകരുടെ പ്രതിനിധികളുമടങ്ങുന്ന പാനലായിരിക്കും പരിശോധന നടത്തുക. നിശ്ചിത ശതമാനം സ്‌കൂളുകളില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ പുനഃപരിശോധന നടത്തും. എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കുന്ന പാഠപുസ്തകമേ പഠിപ്പിക്കാവൂ. മൂല്യനിര്‍ണയത്തിന് പരീക്ഷയുമുണ്ടാകും.
മറ്റു സംസ്ഥാനങ്ങളില്‍നിന്നോ വിദേശത്തുനിന്നോ താമസം മാറി വരുന്ന വിദ്യാര്‍ഥികള്‍ക്കും ഇളവുകളോടെ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കി. ഇവര്‍ക്കായും പ്രത്യേക പാഠപുസ്തകം തയ്യാറാക്കും. എന്നാല്‍ പരീക്ഷ നിര്‍ബന്ധമാക്കിയിട്ടില്ല.
മലയാളം പഠിപ്പിക്കുന്നതിന് സ്‌കൂളില്‍ സൗകര്യമൊരുക്കാതിരുന്നാല്‍ പ്രധാനാധ്യാപകനില്‍നിന്ന് 5000 രൂപ പിഴ ചുമത്തും. പിഴ ശമ്പളത്തില്‍നിന്ന് പിടിക്കാനാണ് വ്യവസ്ഥചെയ്തിരിക്കുന്നത്. അല്ലെങ്കില്‍ ഭൂനികുതിയിന്മേലുള്ള പൊതുകുടിശ്ശികയിലെന്ന പോലെ ഈടാക്കും.
അണ്‍ എയ്ഡഡ് സ്‌കൂളാണ് മലയാളം പഠിപ്പിക്കാതിരിക്കുന്നതെങ്കില്‍ മൂന്നാം ലംഘനത്തിന് സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകളാണെങ്കില്‍ ആ സ്ഥാപനത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ നിരാക്ഷേപപത്രം റദ്ദാക്കും. പ്രധാനാധ്യാപകനും മാനേജ്‌മെന്റിനും നോട്ടീസ് നല്‍കിയ ശേഷമായിരിക്കും നടപടി.
മലയാള ഭാഷാപഠനം പ്രോത്സാഹിപ്പിക്കാന്‍ സ്‌കോളര്‍ഷിപ്പുമുണ്ട്. പത്താം ക്ലാസില്‍ മികച്ച വിജയം നേടുന്നവര്‍ക്ക് തുടര്‍ന്നുള്ള രണ്ടുവര്‍ഷം മലയാളം പഠിക്കുന്നതിന് സ്‌കോളര്‍ഷിപ്പ് നല്‍കും. ഓരോ സ്‌കൂളിലും മലയാളം പഠിക്കുന്ന അഞ്ച് ശതമാനം കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്പു നല്‍കും.