കേരള സര്‍ക്കാരിന്‍റെ 3 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിന് വേണ്ടി കേരള നിഴല്‍ മന്ത്രിസഭ സമ്മേളനം നടത്തി

കേരള സര്‍ക്കാരിന്‍റെ 3 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിന് വേണ്ടി കേരള നിഴല്‍ മന്ത്രിസഭ സമ്മേളനം നടത്തി

November 3, 2019 0 By Editor

കേരള സര്‍ക്കാരിന്‍റെ 3 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിന് വേണ്ടി, തേവര SH കോളേജിന്‍റെ സഹകരണത്തോടെ കേരള നിഴല്‍ മന്ത്രിസഭ സംഘടിപ്പിച്ച സമ്മേളനം കോളേജിലെ മരിയന്‍ ഹാളില്‍ നടന്നു. ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച സമ്മേളനം പ്രൊഫ. MK സാനു ഉല്‍ഘാടനം ചെയ്തു. ഉല്‍ഘാടന സമ്മേളനത്തില്‍, നിഴല്‍ മന്ത്രിസഭാ സംവിധാനത്തിന്‍റെ പ്രസക്തിയും ജനാധിപത്യപ്രക്രിയയില്‍ അതിന്‍റെ പ്രാധാന്യവും ചൂണ്ടിക്കാട്ടിക്കൊണ്ട്, ഈ സംവിധാനം നിലനിര്‍ത്തെണ്ടതിന്‍റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു.

പഠനവും പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാകേണ്ട ഫലപ്രദമായ ഇടപെടലും, മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച്, ഇക്കാലത്ത് ഉണ്ടാകുന്നില്ല. വേണ്ടത്ര പഠനവും, ഗൃഹപാഠവും നടത്താതെ, ഉപരിപ്ളവമായും വോട്ടുകളെ ലക്ഷ്യമാക്കിയും നടത്തുന്ന പ്രതിപക്ഷ വിമര്‍ശനം ഭരണത്തെ തിരുത്തുന്നതിനു സഹായകമാകുന്നില്ല. വോട്ടും അധികാരവും ലക്ഷ്യമാക്കാതെ നിഷ്പക്ഷമായ പഠനം നടത്തി വേണ്ടത്ര ഗൃഹപാഠം ചെയ്തു, മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങളെ ഗുണദോഷ വിവേചനം നടത്തുമ്പോഴാണ്, അത് തിരുത്തലിനു സഹായകമാകുന്നത്. ആ ചുമതല നിഴല്‍ മന്ത്രിസഭാ സംവിധാനം പൂര്‍ത്തീകരിക്കുമെങ്കില്‍, അത് ജനാധിപത്യത്തിനു നല്‍കുന്ന വലിയ സംഭാവനയും മുതല്‍ക്കൂട്ടും ആകും. അതുകൊണ്ട് രണ്ടാം വര്‍ഷത്തിലേക്ക് കടന്നിട്ടുള്ള കേരള നിഴല്‍  മന്ത്രിസഭ അതിറെ പ്രവര്‍ത്തനം നിലനിര്‍ത്തി തുടര്‍ന്ന് കൊണ്ട് പോകുന്നതിനു പ്രത്യേകം ശ്രദ്ധിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിഴല്‍ മന്ത്രിമാര്‍ തയാറാക്കിയ വിലയിരുത്തല്‍ റിപ്പോര്‍ട്ടുകളും, നിര്‍ദ്ദേശങ്ങളും, പ്രകടന പത്രികാ വാഗ്ദാനങ്ങളും പ്രോഗ്രസ്സ് റിപ്പോര്‍ട്ടുകളിലെ നിര്‍വ്വഹണ പുരോഗതി വിശദീകരണങ്ങളും ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന പുസ്തകം, ആദ്യകോപ്പി പ്രൊഫ. MK സാനുവിന് നല്‍കികൊണ്ട് നിഴല്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.  Adv. ജോണ്‍ ജോസഫ്‌ സ്വാഗതവും ഡോ.ശാന്തി മത്തായി കൃതജ്ഞതയും പറഞ്ഞു.