ഇന്ധന വിലവര്‍ധനയില്‍ കേന്ദ്രത്തെമാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല ;സംസ്ഥാന സര്‍ക്കാര്‍ ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞു മാറുന്നു; ഉമ്മന്‍ചാണ്ടി

April 2, 2018 0 By Editor

തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വിലവര്‍ധനയില്‍ കേന്ദ്രത്തെമാത്രം കുറ്റപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞ്മാറുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരം നിലപാട് പു:നപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇനിയും ജനങ്ങള്‍ക്ക് ഈ ബാധ്യത താങ്ങാന്‍ കഴിയുന്നതല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സ്വകാര്യ കുത്തകകളെ സഹായിക്കാനാണ് ആഭ്യന്തര വിപണിയില്‍ വില കുറഞ്ഞിട്ടും രാജ്യത്ത് വില കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവാത്തത്. പെട്രോളിനെയും, ഡീസലിനേയും ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരാത്തതും ഇതിന്റെ ഭാഗമായാണ്. യു.പി.എ ഭരണകാലത്ത് പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി 11 ആയിരുന്നത് 21.48 ആയി വര്‍ധിച്ചു. അതുപോലെ ഡീസലിന്റെ എക്‌സൈസ് ഡ്യൂട്ടി അഞ്ച് രൂപ 10 പൈസയായിരുന്നത് 17.33 രൂപയായും വര്‍ധിപ്പിച്ചു.
നിലവിലെ കണക്കനുസരിച്ച് 23.77 രൂപ മാത്രമാണ് പെട്രോളിന്റ നിര്‍മാണച്ചെലവ്. നികുതിയടക്കം ഏര്‍പ്പെടുത്തിയാല്‍ 44 രൂപയ്ക്ക് പെട്രോള്‍ വില്‍ക്കാം, 40 രൂപയ്ക്ക് ഡീസലും വില്‍പ്പന നടത്താം. ഈയൊരു സാഹചര്യത്തിലാണ് ഇപ്പോള്‍ 77 രൂപ പെട്രോളിനും, 70 രൂപയോളം ഡീസലിനും നല്‍കേണ്ടി വരുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.