‘അടിച്ച് മോന്ത പൊളിക്കും’; പഞ്ചായത്ത് സെക്രട്ടറിയെ ഫോണിൽ ഭീഷണിപ്പെടുത്തി പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിൻ

‘അടിച്ച് മോന്ത പൊളിക്കും’; പഞ്ചായത്ത് സെക്രട്ടറിയെ ഫോണിൽ ഭീഷണിപ്പെടുത്തി പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിൻ

April 3, 2025 0 By eveningkerala
പാലക്കാട്: ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി മുഹമ്മദ് മുഹ്സിൻ എംഎൽഎ. വിവാഹം രജിസ്റ്റർ ചെയ്യാനെത്തിയ സഹോദരിയെ വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ പഞ്ചായത്ത് സെക്രട്ടറി ജഗദീഷ് അപമാനിച്ചുവെന്നാണ് ആരോപണത്തെ തുടർന്നാണ് ഭീഷണി.

പഞ്ചായത്ത് സെക്രട്ടറി ജ​ഗദീഷ് തന്നെയാണ് ഫോൺ സംഭാഷണം പുറത്ത് വിട്ടിരിക്കുന്നത്. ജനുവരി 20-നാണ് സംഭവം നടന്നത്. സ്ഥലം മാറി പോയതിന് ശേഷമാണ് ഫോൺസംഭാഷണം പുറത്ത് വിട്ടത്. വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി പ‍ഞ്ചായത്ത് ഓഫീസിലെത്തിയ സഹോദരിയെ ലേറ്റ് മാരേജിന്റെ കാര്യവും വിദ്യാഭ്യാസ യോ​ഗ്യതയും പറഞ്ഞ് പഞ്ചായത്ത് സെക്രട്ടറി പരിഹസിച്ചെന്നാണ് എംഎല്‍എയുടെ ആരോപണം.

സഹോദരി പഞ്ചായത്ത് ഓഫീസിൽ നിന്ന് കരഞ്ഞുകൊണ്ടാണ് പോയതെന്നും ഇതോടെയാണ് താൻ ജഗീഷിനെ ഫോണിൽ വിളിച്ചതെന്നുമാണ് മുഹമ്മദ് മുഹ്‌‌സിൻ പറയുന്നത്. വീട്ടിലെ സ്ത്രീകളോട് മാന്യമായി പെരുമാറാൻ അറിയില്ലെങ്കിൽ മോന്ത അടിച്ച് പൊളിക്കുമെന്നും നേരിട്ട് വരാൻ അറിയാമെന്നും എംഎൽഎ ജഗദീഷിനോട് പറഞ്ഞു. ഞാൻ നിയമസഭയിൽ ആയതുകൊണ്ടാണ് ഇപ്പോൾ വരാത്തതെന്നും പെൺകുട്ടി അവിടെ വന്നു കരഞ്ഞിട്ടല്ലേ പോയതെന്നും ഈ വർത്തമാനം ഇനി പറഞ്ഞാൽ മോന്തയ്ക്ക് രണ്ട് തന്നിട്ടേ സംസാരിക്കൂ എന്നും മുഹ്സിൻ പറയുന്നുണ്ട്. വനിതാ മെമ്പർമാരോടും പഞ്ചായത്ത് സെക്രട്ടറി മോശമായി സംസാരിച്ചതും മുഹ്‌സിന്റെ ശബ്ദശകലത്തിലുണ്ട്.

സെക്രട്ടറിക്ക് സ്ഥലംമാറ്റം കിട്ടിയ ശേഷമാണ് എംഎൽഎ ഭീഷണിപ്പെടുത്തിയ ശബ്ദശകലം പുറത്തുവന്നിരിക്കുന്നത്. അതേസമയം, ജഗദീഷ് സ്ത്രീകളടക്കമുളളവരോട് നിരന്തരം മോശമായി സംസാരിച്ചതിനെ തുടർന്നാണ് ഭീഷണി കലർന്ന രീതിയിൽ സംസാരിക്കേണ്ടി വന്നതെന്നും എംഎൽഎ പ്രതികരിച്ചു.